തീവ്രതയേറിയ ലൈറ്റും ഡബിൾ നെറ്റും ഉപയോഗിച്ച് മത്സ്യബന്ധനം; ഉൾക്കടലിൽ പരിശോധന ശക്തമാക്കണമെന്ന മുന്നറിയിപ്പും പാലിക്കുന്നില്ല; തിരിഞ്ഞുനോക്കാതെ ഫിഷറീസ് വകുപ്പ്
അമ്പലപ്പുഴ: നിരോധിത തീവ്രതയേറിയ ലൈറ്റുകളും ഡബിൾ നെറ്റുകളും ഉപയോഗിച്ചുള്ള മത്സ്യബന്ധനം തുടരുമ്പോഴും ഫിഷറീസ് വകുപ്പ് തിരിഞ്ഞുനോക്കുന്നില്ലെന്ന് ആക്ഷേപം. കഴിഞ്ഞ ദിവസം, നിരോധിത രീതിയിൽ പിടികൂടിയ വൻതോതിലുള്ള കണവയുമായി പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കൊപ്പം തോട്ടപ്പള്ളി ഹാർബറിൽ എത്തിയെങ്കിലും ഉദ്യോഗസ്ഥർ നടപടിയെടുക്കാൻ മടിച്ചത് പ്രതിഷേധത്തിന് ഇടയാക്കി. മണിക്കൂറുകളോളം കാത്തുനിന്നതിന് ശേഷം, പ്രതിഷേധം കനത്തതോടെയാണ് അധികൃതർ മത്സ്യവും വള്ളവും കസ്റ്റഡിയിലെടുത്തത്.
പിടിച്ചെടുത്ത കണവ ഫിഷറീസ് വകുപ്പ് നിരക്ക് നിർദ്ദേശിച്ച് കിലോ 300 രൂപക്കാണ് ലേലം ചെയ്തത്. ഹാർബറിൽ 650 രൂപ കിലോ വിലയുണ്ടായിരുന്നിട്ടും പകുതിയിൽ താഴ്ന്ന വിലക്കാണ് ലേലം നടന്നത്. അനധികൃത മത്സ്യബന്ധനത്തിന് കൂട്ടുനിന്നവർ തന്നെയാണ് ലേലത്തിൽ പങ്കെടുത്തതെന്നും ആരോപണമുണ്ട്. ഇതേത്തുടർന്ന് അമ്പലപ്പുഴ പോലീസിന്റെ നിയന്ത്രണത്തിലാണ് ലേലം പൂർത്തിയായത്.
കമീഷൻ ഇനത്തിൽ മാത്രം ഇടനിലക്കാരൻ ലക്ഷങ്ങൾ കൈക്കലാക്കിയെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. അനധികൃത മത്സ്യബന്ധനത്തിനെതിരെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം ശക്തമാകുമ്പോഴും തീവ്രതയേറിയ ലൈറ്റുകൾ ഉപയോഗിച്ചുള്ളതും ഡബിൾനെറ്റ് മത്സ്യബന്ധനവും തുടരുകയാണ്.
കഴിഞ്ഞ ദിവസങ്ങളിലും സമാന രീതിയിൽ പിടികൂടിയ കണവ തോട്ടപ്പള്ളി ഹാർബറിൽ എത്തിക്കാതെ സമീപത്തെ തീരങ്ങളിൽ വിൽപന നടത്തിയതായും വിവരമുണ്ട്. ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടും അവർ സ്ഥലത്തെത്തുമ്പോഴേക്കും ലേലം പൂർത്തിയായി മത്സ്യം നീക്കം ചെയ്തിരുന്നു.