വയനാട് മക്കിമല പുഴയിൽ നീരൊഴുക്ക് അതിശക്തം; പഞ്ചായത്ത് അധികൃതർ സ്ഥലത്ത് പരിശോധന നടത്തി; ജാഗ്രത പാലിക്കണമെന്ന് നിർദേശം; വനത്തിനുള്ളിൽ മണ്ണടിച്ചിൽ ഉണ്ടായെന്ന് സൂചന
കൽപറ്റ: കനത്ത മഴ തുടരുന്ന വയനാട് മക്കിമല പുഴയിൽ നീരൊഴുക്ക് അതിശക്തമായതോടെ മുന്നറിയിപ്പുമായി പഞ്ചായത്ത് അധികൃതർ. താഴ്ന്ന പ്രദേശങ്ങളിലെല്ലാം തന്നെ വെള്ളം കയറിയതായാണ് വിവരം. പുഴയിൽ ചെളി കലങ്ങിയ വെള്ളം കുത്തിയൊഴുകുകയാണ്. തവിഞ്ഞാൽ പഞ്ചായത്ത് അധികൃതർ സ്ഥലത്ത് പരിശോധന നടത്തി. മണ്ണിടിച്ചിൽ ഉണ്ടായോ എന്ന് പരിശോധിക്കുന്നതായി അധികൃതർ അറിയിച്ചു. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഫയർഫോഴ്സിനും പോലീസിനും വിവരം നൽകി. വനത്തിനുള്ളിൽ മണ്ണടിച്ചിൽ ഉണ്ടായെന്നാണ് സൂചന.
വയനാട്ടില്‍ ഇന്ന് കനത്ത മഴയാണ് പെയ്തത്. ഇന്നലെ രാത്രി മുതല്‍ തുടങ്ങിയ മഴയ്ക്ക് പകലും ശമനമുണ്ടായില്ല. മഴ കനക്കുന്ന സാഹചര്യത്തില്‍ മാനന്തവാടി, വൈത്തിരി താലൂക്കുകളിലെ 9 പഞ്ചായത്തുകളില്‍ റിസോർട്ടുകളുടെയും ഹോം സ്റ്റേകളുടെയും പ്രവർത്തനം നിരോധിച്ചു. ചൂരല്‍മല -മുണ്ടക്കൈ പ്രദേശത്തെ നോ ഗോസോണ്‍ മേഖലയിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്.
തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തില്‍ 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. കനത്ത മഴയെ തുടർന്ന് തോടുകളിലും പുഴകളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. തലപ്പുഴയില്‍ പുഴ കരകവിഞ്ഞു. കാപ്പിക്കളത്ത് 4 വീടുകളിലുള്ളവരെ ബന്ധുവീടുകളിലേക്ക് മാറ്റിയിട്ടുണ്ട്.