പിക്കപ്പ് വാനിൽ എക്സൈസിന്റെ പരിശോധന; രഹസ്യ അറയിൽ കടത്തിയ 100 ലിറ്റർ മാഹി മദ്യം കണ്ടെടുത്തു; പിടിയിലായത് മാഹി മദ്യം കടത്തി വിതരണം ചെയ്യുന്ന ശൃംഖലയിലെ കണ്ണി
ഇടുക്കി: ഇടുക്കിയിൽ പിക്കപ്പ് വാനിൽ നടത്തിയ പരിശോധനയിൽ പിടിയിലായത് മാഹി മദ്യം എത്തിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുന്ന ശൃംഖലയിലെ കണ്ണി. പിക്കപ്പ് വാനിൽ രഹസ്യ അറയിൽ 100 ലിറ്റർ മാഹി മദ്യം കടത്തിവെയാണ് ഇയാൾ എക്സൈസിന്റെ പിടിയിലായത്. ഉടുമ്പഞ്ചോല കാന്തിപ്പാറ സ്വദേശി അനന്തുവാണ് (28) പിടിയിലായത്.
ഇടുക്കി എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡും ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സ്‌ക്വാഡും, സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. സംഭവത്തിൽ രണ്ടാം പ്രതി രാജാക്കാട് സ്വദേശി ബിജുവിനായുള്ള അന്വേഷണം എക്സൈസ് ഊർജ്ജിതമാക്കി.
ശൃംഖലയിലെ പ്രധാന കണ്ണികളാണ് ഇരുവരും. പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്)മാരായ നെബു എ സി, രാജ്‌കുമാർ ബി, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്)മാരായ അനീഷ് ടി എ, സിജുമോൻ കെ എൻ, ലിജോ ജോസഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ ആൽബിൻ ജോസ്, വിഷ്ണുരാജ് കെ എസ് എന്നിവർ പങ്കെടുത്തു.