റീബിൾഡ് പദ്ധതിയുടെ ആലപ്പുഴ കൊച്ചു വീട്ടിൽ ജങ്ഷൻ-പനച്ചമൂട് റോഡുപണി പാതിവഴിയിൽ; റോഡിൻറെ നിർമാണത്തിൽ വൻ അഴിമതിയെന്ന് ജനകീയ സമിതി; റോഡിൻറെ സംസ്കാരകർമം നടത്തി നാട്ടുകാരുടെ വേറിട്ട പ്രതിഷേധം
ആലപ്പുഴ: ഹരിപ്പാട് ചേപ്പാട് പഞ്ചായത്തിലെ കൊച്ചു വീട്ടിൽ ജങ്ഷൻ-പനച്ചമൂട് റോഡ് പുനരുദ്ധാരണം പാതി വഴിയിൽ. പലതവണ മുടങ്ങിയ റോഡ് പണി പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാക്കുകയാണ് ജനകീയസമിതി. രണ്ടരക്കിലോമീറ്ററുള്ള കൊച്ചുവീട്ടിൽ ജങ്ഷൻ-പനച്ചമൂട് റോഡുനിർമാണത്തിൽ വലിയ അഴിമതി നടന്നതായാണ് ജനകീയസമിതിയുടെ ആക്ഷേപം. ടാറിൽ വെള്ളം ചേർത്തെന്ന ഗുരുതര ആരോപണവും ഇവർ ഉന്നയിക്കുന്നു. നിർമാണത്തിലെ അപാകതയ്ക്കും അഴിമതിക്കുമെതിരെ റോഡിന്റെ സംസ്ക്‌കാരം പ്രതീകാത്മകമായി നടത്തി ജനകീയ സമിതി പ്രതിഷേധിച്ചിരുന്നു. പണിയിലെ അപാകത്തിൽ വിജിലൻസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കരാർ പ്രകാരം നിശ്ചിതമാനദണ്ഡങ്ങൾ പാലിച്ചാണോ റോഡുപണിതതെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. റോഡുനിർമാണത്തിനുപയോഗിച്ച സാമഗ്രികളുടെ ഗുണനിലവാരം, ടാർചെയ്ത രീതി തുടങ്ങിയ സാങ്കേതികവിവരങ്ങൾ യന്ത്രസഹായത്തോടെ പരിശോധിച്ചു. ടാറിൻ്റെയും റോഡിൽ നിരത്തിയ മണ്ണിന്റെയും സാംപിൾ ശേഖരിച്ചു.പനച്ചമൂട്ടിൽനിന്ന് കിഴക്കോട്ട് 650 മീറ്റർ നീളത്തിൽ കാന നിർമിക്കേണ്ടതായിരുന്നു. എന്നാൽ, ആദ്യം 400 മീറ്റർ നീളത്തിലാണിത് നിർമിച്ചത്. ഒടുവിൽ പ്രതിഷേധത്തെ തുടർന്നാണ് കാന 250 മീറ്റർകൂടി ദീർഘിപ്പിച്ചത്. ഇക്കാര്യവും വിജിലൻസ് പരിശോധിക്കുന്നതായാണ് സൂചന.
റീബിൽഡ് കേരള പദ്ധതിയിൽനിന്നുള്ള 3.25 കോടി രൂപയാണ് റോഡുപണിക്ക് അനുവദിച്ചിരുന്നത്. പണി തുടങ്ങിയശേഷം പല പ്രാവശ്യം നിർത്തിവെച്ചതോടെ നാട്ടുകാർ ജനകീയസമിതി രൂപവത്കരിച്ച് തുടർ പ്രക്ഷോഭങ്ങൾ നടത്തി. തുടർന്നാണ് പണി പൂർത്തിയാക്കിയത്. എന്നാൽ, ദിവസങ്ങൾക്കം റോഡ് പൊളിഞ്ഞിളകാൻ തുടങ്ങി. നാട്ടുകാർ ചൂലുകൊണ്ട് തൂത്തപ്പോൾ ടാർ ഇളകുന്നുണ്ടായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ ചർച്ചയായി. തുടർന്നാണ്, വിജിലൻസ് അന്വേഷണം ആരംഭിച്ചത്.
റോഡിൽ നിന്നു വൻതോതിൽ അനധികൃതമായി മണ്ണ് കടത്തിക്കൊണ്ടു പോയതായും പരാതി ഉയർന്നിരുന്നു. വെള്ളം ചേർക്കാൻ പാടില്ലാത്ത ബിറ്റുവിൻ സൊലൂഷനിൽ അമിതമായി വെള്ളം ചേർത്ത് കടുപ്പം കുറച്ചത് റോഡിൻ്റെ ഗുണനിലവാരത്തെ ബാധിച്ചതായും റോഡ് പലയിടത്തും തകർന്നതായും പരാതി ഉയർന്നിരുന്നു. തുടർന്ന് റീബിൽഡ് കേരള അധികാരികൾ നടത്തിയ പരിശോധനയിൽ വെള്ളം അധികമായി ചേർത്തത് റോഡിൻ്റെ തകർച്ചയ്ക്ക് കാരണമായെന്ന് തെളിഞ്ഞിരുന്നു.
കൊച്ചുവീട്ടിൽ ജങ്ഷൻ-പനച്ചമൂട് റോഡുനിർമാണത്തിൽ വലിയ അഴിമതി നടന്നതായാണ് ജനകീയസമിതി പറയുന്നത്. പനച്ചമൂട്ടിൽനിന്ന് 450 മീറ്റർ പിന്നിടുമ്പോഴാണ് റോഡ് പൂർണമായും തകർന്നത്. ഇവിടെ 200 മീറ്റർ നീളത്തിൽ ടാർ പൂർണമായും ഇളകിപ്പോയി. മറ്റൊരുഭാഗത്തും സമാന രീതിയിൽ 200 മീറ്ററോളം ഇളകിയ നിലയിലാണ്. റോഡുനിർമാണത്തിലുണ്ടായ വീഴ്ചകൾ രമേശ് ചെന്നിത്തല എം.എൽ.എ. നിയമസഭയിൽ ഉന്നയിച്ചിരുന്നു. എന്നാൽ, പ്രതിഷേധക്കാരായ നാട്ടുകാർ റോഡ് കുത്തിപ്പൊളിച്ചെന്നാണ് മന്ത്രി എം.ബി. രാജേഷ് മറുപടി നൽകിയത്. ഇത് വസ്തുത വിരുദ്ധമാണെന്ന് ജനകീയ സമിതി ആരോപിക്കുന്നു. കരാറുകാർ നടത്തിയ തട്ടിപ്പിന് തങ്ങളെ കുറ്റപ്പെടുത്തിയതിൽ വിമർശനം ഉയർന്നിരുന്നു.
നിർമാണത്തിലെ അപാകതയ്ക്കും അഴിമതിക്കുമെതിരെ റോഡിന്റെ സംസ്ക്‌കാരം പ്രതീകാത്മകമായി നടത്തി ജനകീയ സമിതി പ്രതിഷേധിച്ചിരുന്നു. ചേപ്പാട് പനച്ചമൂട് -കൊച്ചുവിട്ടിൽ മുക്ക് റോഡിലാണ് വേറിട്ട സമരം നടത്തിയത്. കൊച്ചുവീട്ടിൽ മുക്കിൽ നിന്ന് ആരംഭിച്ച വിലാപയാത്ര രണ്ടര കിലോമീറ്റർ ദൂരം സഞ്ചരിച്ച് പനച്ചമൂട് ജംക്ഷനിൽ പൊതുദർശനം നടത്തി. അന്ത്യോപചാരമർപ്പിക്കാൻ ജനങ്ങൾക്ക് അവസരം നൽകി. ഒട്ടേറെപ്പേർ റീത്ത് വച്ചു. പ്രതിഷേധത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തിരുന്നു. പോരായ്മകൾ പരിഹരിച്ചും റോഡിലും വശങ്ങളിലും ഉണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള സംവിധാനങ്ങൾ ചെയ്‌തും നിർമാണ പ്രവർത്തനങ്ങൾ വേഗം പൂർത്തിയാക്കണമെന്നും സമിതി ആവശ്യപ്പെട്ടു.