ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: കേസിന് താല്പര്യമില്ലെന്ന് കാട്ടി സുപ്രീം കോടതിയെ സമീപിച്ച നടി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകാന്‍ നോട്ടീസ്; 29 ന് രഹസ്യമൊഴി നല്‍കണം
ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്കിയ നടി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകാന്‍ നോട്ടീസ്
ന്യൂഡല്‍ഹി: ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്കിയ നടി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകാന്‍ നോട്ടീസ്. ഈ മാസം 29ന് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ രഹസ്യമൊഴി നല്‍കാനാണ് നോട്ടീസ് നല്‍കിയത്. ഹേമ കമ്മിറ്റിക്ക് നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതിയെ സമീപിച്ച നടിക്കാണ് നോട്ടീസ് ലഭിച്ചത്. നോട്ടീസിന്റെ പകര്‍പ്പ് നടിയുടെ അഭിഭാഷകര്‍ സുപ്രീം കോടതിക്ക് കൈമാറി.
്ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ 183ാം വകുപ്പ് പ്രകാരം മൊഴി രേഖപ്പെടുത്തുന്നതിന് ഹാജരാകാനാണ് നിര്‍ദ്ദേശം. ഉച്ചയ്ക്ക് 2.30ന് ഹാജരാകണം എന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളെ കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് താരത്തിന് നോട്ടീസ് അയച്ചത്. നോട്ടീസിന്റെ പകര്‍പ്പ് താരത്തിന്റെ അഭിഭാഷകന് തിങ്കളാഴ്ച ജസ്റ്റിസ് വിക്രം നാഥ് അദ്ധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന് കൈമാറി.
ഹേമ കമ്മിറ്റിക്ക് നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പരാതിയുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തെ അറിയിച്ചിരുന്നുവെന്നും എന്നാല്‍ അത് കണക്കിലെടുക്കാതെയാണ് ചലച്ചിത്രതാരത്തിന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ നടപടിയെടുത്തിരിക്കുന്നതെന്നും അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. ഹേമ കമ്മിറ്റി മൊഴികളുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം നടത്താനുള്ള ഹൈക്കോടതി വിധിക്ക് എതിരായ ഹര്‍ജികളില്‍ ഇന്ന് ഉത്തരവിറക്കും എന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, കോടതി ഉത്തരവ് ഇറക്കിയില്ല. പരാതിയുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ലാത്തവരുടെ കേസിന്റെ നടപടികള്‍ അവസാനിപ്പിക്കുമെന്ന് സംസ്ഥാന സര്‍ക്കാരും അറിയിച്ചിരുന്നു.