അദ്ധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്ക് ചെറിയ ശിക്ഷകള്‍ നല്‍കുന്നതിനെ വലിയ കുറ്റമാക്കി ക്രിമിനലുകളായി ചിത്രീകരിച്ച് കേസെടുക്കരുത്; ഒന്നും നോക്കാതെ കേസെടുക്കുന്ന രീതി അവസാനിപ്പിക്കണം; വിമര്‍ശനവുമായി ഹൈക്കോടതി
വിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി: വിദ്യാര്‍ത്ഥികളെ ശിക്ഷിച്ചാല്‍ അദ്ധ്യാപകര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുന്ന പ്രവണതയെ വിമര്‍ശിച്ച് ഹൈക്കോടതി. വിദ്യാര്‍ത്ഥികളെ അച്ചടക്കം പഠിപ്പിക്കുകയും പഠനം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനായി അദ്ധ്യാപകര്‍ ചെറിയ ശിക്ഷകള്‍ നല്‍കുന്നതിനെ വലിയ കുറ്റമായി കണ്ട് അവരെ ക്രിമിനലുകളായി ചിത്രീകരിച്ച് കേസെടുക്കുന്നതിനെ രൂക്ഷമായ ഭാഷയിലാണ് കോടതി വിമര്‍ശിച്ചത്.
ഇത്തരം പരാതികള്‍ ഉയരുമ്പോള്‍ ഒന്നും നോക്കാതെ കേസെടുക്കുന്ന രീതി അവസാനിപ്പിക്കണമെന്നും കോടതി പറഞ്ഞു. ഒരു സ്‌കൂളില്‍ നിന്ന് അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥിയെ ശിക്ഷിച്ചുവെന്ന പരാതി ലഭിച്ചാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പരാതി വിശദമായി പരിശോധിച്ച് പരാതിയില്‍ കഴമ്പുണ്ടോയെന്ന് പരിശോധിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
പ്രാഥമികാന്വേഷണ സമയത്ത് അധ്യാപകനെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി. ഉടനടി കേസെടുക്കുന്ന രീതി കാരണം വിദ്യാര്‍ത്ഥികളുടെ പെരുമാറ്റ ദൂഷ്യം പോലുള്ള കാര്യങ്ങളില്‍ ഇടപെടാന്‍ പോലും അദ്ധ്യാപകര്‍ മടിക്കുകയാണെന്ന് കോടതി പറഞ്ഞു.
ആറാം ക്ലാസ് വിദ്യാര്‍ഥിയായ തന്റെ മകനെ അദ്ധ്യാപകന്‍ വടി കൊണ്ട് തല്ലി എന്ന് ആരോപിച്ച് കുട്ടിയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വിഴിഞ്ഞം പൊലീസ് എടുത്ത ക്രിമിനല്‍ കേസിലാണ് ഹൈക്കോടതിയുടെ വിധി. അദ്ധ്യാപകന് മുന്‍കൂര്‍ ജാമ്യം അനുവദിക്കാനും കോടതി ഉത്തരവിട്ടു. ഇന്നത്തെ കാലത്ത് യുവതലമുറയുടെ സ്വഭാവം ഭയപ്പെടുത്തുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. അവര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുന്നു, ചിലര്‍ ലഹരിക്കും മദ്യത്തിനും അടിപ്പെടുന്നു. മുന്‍പ് ഇങ്ങനെയായിരുന്നില്ലെന്നും അദ്ധ്യാപകരുടെ നിഴല്‍ പോലും അച്ചടക്കത്തോടെ ഇരിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിച്ചിരുന്നുവെന്നും കോടതി ചൂണ്ടിക്കാണിച്ചു.
പണ്ട് അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികളെ അച്ചടക്കത്തോടെ ഇരുത്താന്‍ പേടിപ്പിച്ചിരുന്നുവെങ്കില്‍ ഇന്ന് കാര്യങ്ങള്‍ തിരിച്ചാണ് സംഭവിക്കുന്നതെന്നും കോടതി ചൂണ്ടിക്കാണിച്ചു. എന്നാല്‍ ഇന്ന് വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകരെ ഭീഷണിപ്പെടുത്തുന്നതും അവരെ കായികമായി ആക്രമിക്കുന്നതും തടഞ്ഞു വയ്ക്കുന്നതുമായ വാര്‍ത്തകളാണ് വരുന്നത്. പഠിപ്പിക്കുക മാത്രമല്ല അദ്ധ്യാപകരുടെ ജോലി, മറിച്ച് അടുത്ത തലമുറയ്ക്ക് പ്രചോദനവും ലക്ഷ്യബോധവും ഉണ്ടാക്കി നല്‍കല്‍ കൂടിയാണെന്നും കോടതി അഭിപ്രായപ്പെട്ടു.