കുടിവെള്ള വിതരണ വാല്‍വില്‍ ചോര്‍ച്ച; വാട്ടര്‍ അതോറിറ്റി നല്‍കിയ അധിക ബില്ല് റദ്ദാക്കി; പിഴയും നല്‍കണം
വാട്ടര്‍ അതോറിറ്റി നല്‍കിയ അധിക ബില്ല് റദ്ദാക്കി
കൊച്ചി: പരാതിക്കാരന്റേതല്ലാത്ത കാരണം കൊണ്ട് സംഭവിച്ച ലീക്കേജ് നഷ്ടത്തിന് ഉപഭോക്താവില്‍ നിന്നും അധിക തുക ഈടാക്കാന്‍ കഴിയില്ലെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി.
മുതിര്‍ന്ന പൗരനും വിമുക്തഭടനുമായ മാര്‍ട്ടിന്‍ പൈവക്ക് 15691 രൂപ വെള്ളക്കരമായി അടക്കണം എന്ന് കാണിച്ച് 2024 ജൂലൈ മാസത്തില്‍ വാട്ടര്‍ അതോറിറ്റിയില്‍ നിന്നും അധിക ബില്ല് ലഭിച്ചു. ബില്ല് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരന്‍ അതോറിറ്റിയെ സമീപിച്ചു. മീറ്റര്‍ ബോക്‌സിന് സമീപം വാല്‍വിന്റെ തകരാര്‍ മൂലം വെള്ളം ലീക്കായി എന്ന് പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.10 വര്‍ഷത്തിലൊരിക്കല്‍ മാത്രമേ ലീക്കേജ് ബെനിഫിറ്റ് ഉപഭോക്താവിന് ലഭിക്കൂ എന്നും നേരത്തെ തന്നെ 24,000/ രൂപ വന്നപ്പോള്‍ ലീക്കേജ് ബെനഫിറ്റ് പതിനായിരം രൂപയായി ജല അതോറിറ്റി കുറച്ചു നല്‍കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. അതിനാല്‍ നിലവില്‍ ലീക്കേജ് ബെനിഫിറ്റ് ലഭിക്കാനുള്ള അവകാശം പരാതിക്കാരനില്ലെന്ന കാരണം പറഞ്ഞ്ക്കതോറിറ്റി പരാതിക്കാരന്റെ ആവശ്യം നിരാകരിച്ചു.
വാട്ടര്‍ അതോറിറ്റിയുടെ അനാസ്ഥ മൂലം പാഴായ വെള്ളത്തില്‍ അവര്‍ക്ക് തന്നെയാണ് ഉത്തരവാദിത്വം, അതില്‍ ഉപഭോക്താവിനെ ശിക്ഷിക്കുന്നത് തെറ്റാണ്. മാത്രമല്ല ഇതിനുമുമ്പ് ബെനിഫിറ്റ് ലഭിച്ചത് ലീക്കേജ് മൂലമായിരുന്നില്ല എന്നും പരാതിക്കാരന്‍ കമ്മീഷന്‍ മുമ്പാകെ ബോധിപ്പിച്ചു.
'കൃത്യമായ പരിശോധന നടത്തേണ്ടതും എന്തെങ്കിലും ലീക്കുകള്‍ ഉണ്ടെങ്കില്‍ അത് കണ്ടെത്തേണ്ട ചുമതല വാട്ടര്‍ അതോറിറ്റിയുടെ ഉദ്യോഗസ്ഥര്‍ ക്കാണ്. അതിന് ഉപഭോക്താവിനെ പഴിക്കേണ്ടതില്ലെന്നും ' നിയമവിരുദ്ധമായി നല്‍കിയ ബില്ല് റദ്ദാക്കിക്കൊണ്ട് ഡി.ബി ബിനു അധ്യക്ഷനും വി.രാമചന്ദ്രന്‍ ടി.എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളായ ബഞ്ച് വ്യക്തമാക്കി.
വാട്ടര്‍ അതോറിറ്റി നല്‍കിയ ബില്ല് റദ്ദാക്കുകയും, കൂടാതെ 10000/ രൂപ കോടതി ചെലവായി നല്‍കണമെന്ന് കേരള വാട്ടര്‍ അതോറിറ്റി പള്ളിമുക്ക് ഡിവിഷന് കോടതി ഉത്തരവ് നല്‍കി.