പലചരക്ക് കടയില്‍ സാധനം വാങ്ങാന്‍ എത്തിയപ്പോള്‍ കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍ പിടിച്ചു; പത്ത് വയസുള്ള രണ്ട് കുട്ടികളെ പീഡിപ്പിച്ച പ്രതിക്ക് രണ്ട് കേസുകളിലായി പതിമൂന്ന് വര്‍ഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

പത്ത് വയസുള്ള രണ്ട് കുട്ടികളെ പീഡിപ്പിച്ച പ്രതിക്ക് രണ്ട് കേസുകളിലായി പതിമൂന്ന് വര്‍ഷം തടവ്

Update: 2025-10-31 12:24 GMT

തിരുവനന്തപുരം: പത്തുവയസുള്ള രണ്ടു കുട്ടികളെ പീഡിപ്പിച്ച കേസുകളില്‍ പ്രതിയായ മുടവന്മുകള്‍ കുന്നുംപുറത്തു വീട്ടില്‍ വിജയനെ (73) രണ്ടു കേസുകളിലായി പതിമൂന്ന് വര്‍ഷം വെറും തടവിനും ഒന്നര ലക്ഷം രൂപ പിഴക്കും തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി അഞ്ചു മീര ബിര്‍ള ശിക്ഷിച്ചു. അസുഖ ബാധിതനായി കിടപ്പിലായിരുന്ന പ്രതിയെ അമ്പുലന്‍സിലാണ് കോടതിയില്‍ എത്തിച്ചത്.

അസുഖബാധിതനായതിനാല്‍ പ്രതി കൊടതിയില്‍ ഹാജരായിരുന്നില്ല. അതിനാല്‍ വിധിപറയുന്നതിനായി ആംബുലന്‍സും വൈദ്യസഹായവും നല്‍കി പ്രതിയെ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. ഒരു കേസില്‍ പത്ത് വര്‍ഷം വെറും തടവും ഒരു ലക്ഷം രൂപ പിഴയും അടുത്ത കേസില്‍ മൂന്ന് വര്‍ഷവും അമ്പതിനായിരം രൂപ പിഴയുമാണ് വിധി. പിഴ അടച്ചില്ലെങ്കില്‍ ഒന്നര വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണം. പിഴത്തുകയും ലീഗല്‍ സര്‍വീസ് അതോറിറ്റി നഷ്ടപരിഹാരവും കുട്ടിക്ക് നല്‍കണം .

2021-2022 കാലഘട്ടത്തില്‍ ആണ് സംഭവങ്ങള്‍ നടന്നത്. മുടവന്‍മുകളില്‍ പലചരക്ക് കട നടത്തിവരുകയായിരുന്നു പ്രതി കടയില്‍ സാധനം വാങ്ങാന്‍ എത്തിയ കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍ പിടിച്ചു പല തവണകളായി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ഭയന്ന പെണ്‍കുട്ടികള്‍ വീട്ടുകാരോട് പറഞ്ഞില്ല. കടയില്‍ വീണ്ടും സാധനങ്ങള്‍ വാങ്ങാന്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ചപ്പോള്‍ ആണ് കുട്ടികള്‍ പരസ്പരം ഇത് പറഞ്ഞത്. അപ്പോഴാണ് രണ്ടുപേരും പീഡിപ്പിക്കപ്പെട്ടതായി അറിഞ്ഞത്.

തുടര്‍ന്ന് ഇതിലെ ഒരുകുട്ടിയുടെ ബന്ധുവിനോട് സംഭവം വെളിപ്പെടുത്തി. പീഡന വിവരം അറിഞ്ഞ ഒരു കുട്ടിയുടെ അച്ഛനും അടുത്ത കുട്ടിയുടെ മാമനും ചേര്‍ന്ന് പ്രതിയെ മര്‍ദിച്ചതിന് പ്രതി ഇവര്‍ക്കെതിരെ കേസ് കൊടുത്തിട്ടുണ്ട്. ഇതിന്റെ വിരോധത്തിലാണ് ഈ കേസ് നല്‍കിയതെന്ന പ്രതിഭാഗം ആരോപിച്ചെങ്കിലും കോടതി പരിഗണിച്ചില്ല.

തന്റെ മകളെ പീഡിപ്പിച്ചതുകൊണ്ടാണ് പ്രതിയെ മര്‍ദിച്ചതെന്ന് സാക്ഷിയായ അച്ഛന്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രൊസീക്യൂട്ടര്‍ ആര്‍.എസ് വിജയ് മോഹന്‍ ഹാജരായി. കണ്‍ട്ടോണ്മെന്റ് അസിസ്റ്റന്റ് കമ്മീഷണറായിരുന്ന വി.എസ് ദിനരാജ്, എസ്.ഐ വി.പി.പ്രവീണ്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം ആംബുലന്‍സിലാണ് ജയിലില്‍ എത്തിച്ചത്.

Tags:    

Similar News