വട്ടിയൂര്‍ക്കാവില്‍ കുമ്മനത്തിനെതിരെ മത്സരിച്ചപ്പോള്‍ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചിരുന്നുവെന്ന് കെ മുരളീധരന്‍; സാമുദായിക നേതാക്കളെ വിമര്‍ശിക്കുന്നവരല്ല കോണ്‍ഗ്രസുകാരെന്നും മുരളീധരന്‍
കോഴിക്കോട്: 2016ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചിരുന്നുവെന്ന് കെ.മുരളീധരന്‍. ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനെതിരെ വട്ടിയൂര്‍ക്കാവില്‍ മത്സരിച്ചതിന്റെ പേരിലായിരുന്നു പിന്തുണ കിട്ടിയതെന്ന് മുരളീധരന്‍ കോഴിക്കോട്ട് പറഞ്ഞു. 2019 മുതല്‍ അവരുടെ പിന്തുണ ദേശീയ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന് ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
2019 മുതല്‍ വെല്‍ഫയര്‍ പാര്‍ട്ടി പിന്തുണയും കോണ്‍ഗ്രസിനാണ്. ദേശീയ നയത്തില്‍ എടുത്ത തീരുമാനമാണ്. ബിജെപിക്ക് ബദല്‍ കോണ്‍ഗ്രസ് എന്ന നിലപാടില്‍ എടുത്ത നയമാണിതെന്നും ഈ നയത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് മുന്നണിയിലുള്ള സിപിഎമ്മിന് തമിഴ്‌നാട്ടില്‍ പിന്തുണ നല്‍കിയെന്നും കെ മുരളീധരന്‍ പറഞ്ഞു.
സാമുദായിക നേതാക്കളെ വിമര്‍ശിക്കുന്നവരല്ല കോണ്‍ഗ്രസുകാരെന്നും മുരളീധരന്‍ പറഞ്ഞു. വെള്ളാപ്പള്ളി എല്ലാ രാഷ്ട്രീയക്കാരെയും വിമര്‍ശിക്കാറുണ്ട്. സമുദായ നേതാക്കള്‍ വിളിക്കുമ്പോള്‍ എല്ലാവരും പോകാറുണ്ട്. എന്‍എസ്എസിന്റെ ചടങ്ങില്‍ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആണ് പങ്കെടുക്കാറുള്ളത്. രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകാന്‍ യോഗ്യന്‍ എന്ന പരാമര്‍ശം ചര്‍ച്ചയാക്കേണ്ടതില്ലെന്ന് കെ.മുരളീധരന്‍ പറഞ്ഞു.