ദുരന്തനിവാരണ ഫണ്ടിലെ കണക്കില്‍ അവ്യക്തതയില്ല; കോടതിയില്‍ ഹാജരായ ആള്‍ വിശദാംശങ്ങള്‍ പൂര്‍ണമായും അവതരിപ്പിക്കുന്നതില്‍ കുറവുണ്ടായോ എന്നറിയില്ല; കാര്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തുമെന്ന് മന്ത്രി കെ രാജന്‍

ദുരന്തനിവാരണ ഫണ്ടിലെ കണക്കില്‍ അവ്യക്തതയില്ല

Update: 2024-12-07 10:39 GMT

തൃശൂര്‍: വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളില്‍ കാര്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തുമെന്ന് മന്ത്രി കെ രാജന്‍. സംസ്ഥാന ദുരന്തനിവാരണ ഫണ്ടുമായി ബന്ധപ്പെട്ട ഹൈക്കോടതിയില്‍ നിന്നും രൂക്ഷ വിമര്‍ശനം നേരിടേണ്ടി വന്നതോടെയാണ് മന്ത്രി രാജന്‍ നിലപാട് അറിയിച്ചത്.

കോടതിയില്‍ ആരാണ് ഹാജരായതെന്ന് അറിയില്ല. ഹാജരായ ആള്‍ വിശദാംശങ്ങള്‍ പൂര്‍ണമായും അവതരിപ്പിക്കുന്നതില്‍ കുറവുണ്ടായോ എന്ന കാര്യം തനിക്ക് അറിയില്ല. സി ആന്‍ഡ് എജി ഓഡിറ്റ് നടക്കുന്ന വിഭാഗമാണ് എസ്ഡിആര്‍എഫ് ഫണ്ട്. ഇത് അനാവശ്യമായി കണക്കില്ലാതെ കൊടുക്കാന്‍ ആകില്ല. ഇക്കാര്യം വേണ്ടതു പോലെ കോടതിയില്‍ പറയാന്‍ കഴിഞ്ഞിട്ടുണ്ടാകില്ല.

കണക്കുമായി ബന്ധപ്പെട്ട് ഒരു അവ്യക്തതയുമില്ല. കോടതി കാര്യങ്ങളില്‍ ഇപ്പോള്‍ മറുപടി പറയുന്നില്ല. വ്യാഴാഴ്ച കോടതിയില്‍ വിശദാംശങ്ങള്‍ കൊടുക്കണം എന്ന് വാര്‍ത്തകളിലൂടെ അറിഞ്ഞു. അക്കാര്യം കോടതിയെ ബോധ്യപ്പെടുത്തും. ഏറ്റവും ഉത്തരവാദിത്തപ്പെട്ട ആള്‍ തന്നെ കോടതിയുടെ മുന്നില്‍ ഹാജരായി കൃത്യമായ കണക്ക് നല്‍കുമെന്നും മന്ത്രി പറഞ്ഞു.

നേരത്തെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിയുടെ ഓഡിറ്റിങില്‍ അതൃപ്തി അറിയിച്ച കോടതി അതോറിറ്റിയുടെ കണക്കുകള്‍ ശരിയല്ലെന്നും ആരെയാണ് വിഡ്ഢികളാക്കാന്‍ നോക്കുന്നതെന്നും ചോദിച്ചു. കേന്ദ്രസഹായം തേടുമ്പോള്‍ കൃത്യമായ കണക്കുകള്‍ വേണമെന്നും കോടതി വിമര്‍ശിച്ചു. ചൂരല്‍മല ദുരന്തത്തില്‍ സ്വമേധായ എടുത്ത കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിമര്‍ശനം.

കഴിഞ്ഞദിവസം കേസ് പരിഗണിക്കുന്നതിനിടെ എല്ലാ കണക്കുകള്‍ക്കും വ്യക്തതവേണമെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ഹൈകോടതി നിര്‍ദേശിച്ചിരുന്നു. അതിന്റെ ഭാഗമായി സംസ്ഥാന ദുരന്തനിവാരണസമിതി അക്കൗണ്ട് ഓഫീസറോട് ഇന്ന് നേരിട്ട് ഹാജരാകാനും കോടതി നിര്‍ദേശിച്ചിരുന്നു. ഇന്ന് എസ്ഡിആര്‍എഫ് ആക്കൗണ്ട് ഓഫീസര്‍ ഹാജരായപ്പോഴാണ് കോടതി ചില ചോദ്യങ്ങള്‍ ചോദിച്ചത്. എസ്ഡിആര്‍എഫില്‍ എത്രനീക്കിയിരിപ്പുണ്ടെന്ന് ചോദിച്ചപ്പോള്‍ 667 കോടി രൂപയുണ്ടെന്ന് ദുരന്തനിവാരണ അതോറ്റി കോടതിയെ അറിയിച്ചു. എസ്ഡിആര്‍എഫില്‍ കൃത്യമായ ഓഡിറ്റിങ് നടത്തുന്ന കാര്യത്തില്‍ സംശയം പ്രകടിപ്പിച്ച കോടതി അവസാനം ഓഡിറ്റിങ് നടത്തിയ റിപ്പോര്‍ട്ട് കൈവശമുണ്ടോയെന്നും ചോദിച്ചു. അത് സമര്‍പ്പിക്കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

നീക്കിയിരിപ്പില്‍ എത്ര ചെലവാക്കിയെന്നും എങ്ങനെയാണ് ചെലവാക്കേണ്ടതെന്നും വ്യക്തതയില്ലാത്തതുകൊണ്ടാണ് കേന്ദ്രത്തോട് ഇങ്ങനെ സഹായം ചോദിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. പരസ്പരം കുറ്റപ്പെടുത്തുന്നത് തുടരുന്നത് ദുരന്തത്തില്‍പ്പെട്ടവരെ അപമാനിക്കുന്നതിന് തുല്യമാണെന്നും കോടതി വിമര്‍ശിച്ചു. ഓഡിറ്റിങില്‍ വ്യക്തവരുത്താന്‍ രണ്ടുദിവസത്തെ സാവാകാശം ചോദിച്ച സര്‍ക്കാരിനോട് അത് അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി മറുപടി നല്‍കി. നേരത്തെ തന്നെ ആവശ്യമായ സമയം നല്‍കിയിരുന്നെന്നും കോടതി പറഞ്ഞു. കേന്ദ്രസര്‍ക്കാരിനോട് സഹായം തേടുമ്പോള്‍ കൃത്യമായ കണക്കുവേണമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

Tags:    

Similar News