പിണറായിയുടേത് 'അപകടകരമായ' രാഷ്ട്രീയ കളി; വര്‍ഗീയത ആയുധമാക്കി മൂന്നാം ഊഴത്തിന് ശ്രമമെന്ന് കൈമനം പ്രഭാകരന്‍
തിരുവനന്തപുരം: കേരളത്തിന്റെ മതേതര മനസ്സാക്ഷിയെ തകര്‍ത്ത്, വര്‍ഗീയത ആയുധമാക്കി മൂന്നാം തവണയും അധികാരത്തിലേറാനാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും ശ്രമിക്കുന്നതെന്ന് തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറി കൈമനം പ്രഭാകരന്‍. സജി ചെറിയാന്റെ വിവാദ പരാമര്‍ശങ്ങള്‍ ഈ തിരക്കഥയുടെ ഭാഗമാണെന്നും, എം.എ. ബേബി കഴുകേണ്ടത് പാത്രങ്ങളിലെ അഴുക്കല്ല, സ്വന്തം പാര്‍ട്ടിയിലെ രാഷ്ട്രീയ ജീര്‍ണ്ണതയാണെന്നും കോണ്‍ഗ്രസ് നേതാവ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചു.
മലപ്പുറത്തെ ജനങ്ങളെ അധിക്ഷേപിച്ച് മന്ത്രി സജി ചെറിയാന്‍ നടത്തിയ പരാമര്‍ശങ്ങള്‍ അബദ്ധമല്ലെന്നും കൃത്യമായ തിരക്കഥയുടെ ഭാഗമാണെന്നും പ്രഭാകരന്‍ ആരോപിക്കുന്നു. മലപ്പുറത്തെയും കാസര്‍കോട്ടെയും ജനപ്രതിനിധികളുടെ പേര് നോക്കി വര്‍ഗീയത അളക്കുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം കുറിച്ചു. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സ്വര്‍ണ്ണക്കടത്തിനെ ഒരു പ്രത്യേക ജില്ലയുമായി ബന്ധിപ്പിച്ചത് ബിജെപി അജണ്ട നടപ്പിലാക്കാനാണ്. ഹൈന്ദവ വോട്ടുകള്‍ സമാഹരിക്കാനായി ന്യൂനപക്ഷങ്ങളെ അപരവല്‍ക്കരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സി.പി.എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എം.എ. ബേബി പാത്രം കഴുകുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതിനെ അദ്ദേഹം പരിഹസിച്ചു. പാത്രത്തിലെ അഴുക്കിനേക്കാള്‍ വേഗത്തില്‍ സഹപ്രവര്‍ത്തകരുടെ ചിന്തയിലെ വര്‍ഗീയ വിഷം കഴുകിക്കളയാനാണ് ബേബി ശ്രമിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് വന്നാല്‍ ആഭ്യന്തരം ഭരിക്കുന്നത് ജമാഅത്തെ ഇസ്ലാമി ആയിരിക്കുമെന്ന എ.കെ. ബാലന്റെ പ്രസ്താവനയും വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതാണെന്ന് പോസ്റ്റില്‍ പറയുന്നു.
കൈമനം പ്രഭാകരന്റെ പോസ്റ്റ് ചുവടെ
പാത്രം മാത്രമല്ല പാര്‍ട്ടിയിലെ അഴുക്കും ബേബി സഖാവ് കഴുകാന്‍ തയ്യാറാകണം: വര്‍ഗീയത ആയുധമാക്കി മൂന്നാം ഊഴം: പിണറായി വിജയന്റെ 'അപകടകരമായ' രാഷ്ട്രീയ കളി
കേരളത്തിന്റെ മതേതര മനസ്സാക്ഷിയെ കുഴിച്ചുമൂടി, വര്‍ഗീയതയുടെ വജ്രായുധവുമായി മൂന്നാമതും അധികാരത്തിലേറാന്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും നടത്തുന്ന നീക്കങ്ങള്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. അധികാരത്തെ ഒരു കോര്‍പ്പറേറ്റ് മുതലാളിയുടെ ലാഭക്കണ്ണോടെ കാണുന്ന മുഖ്യമന്ത്രിക്ക്, അതിനായി ഏത് നിഷ്ഠൂര മാര്‍ഗ്ഗവും സ്വീകരിക്കാന്‍ മടിയില്ലെന്ന് കാലം തെളിയിക്കുന്നു.
മന്ത്രി സജി ചെറിയാന്‍ മലപ്പുറത്തെയും അവിടുത്തെ ജനങ്ങളെയും കുറിച്ച് നടത്തിയ വിഷലിപ്തമായ പരാമര്‍ശങ്ങള്‍ ഒരു അബദ്ധമല്ല. അത് കൃത്യമായ തിരക്കഥയുടെ ഭാഗമാണ്. മതേതരത്വം മുഖമുദ്രയാക്കിയ കേരള രാഷ്ട്രീയത്തിലേക്ക് വര്‍ഗീയതയുടെ ആദ്യവെടി പൊട്ടിച്ചത് മറ്റാരുമല്ല, മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ്.
ഒരു ദേശീയ ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍, കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്തിനെയും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെയും ഒരു പ്രത്യേക ജില്ലയുമായി ബന്ധിപ്പിച്ചത് ബിജെപിയുടെ അതേ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാനായിരുന്നു. ആഗോള അയ്യപ്പസംഗമവും അതില്‍ യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചതും മുഖ്യമന്ത്രിയുടെ അറിവോടെ നടന്ന 'അടവുനയങ്ങള്‍' മാത്രമാണ്.
മുന്‍മന്ത്രി എ.കെ. ബാലന്‍ പറയുന്നു, യുഡിഎഫ് വന്നാല്‍ ആഭ്യന്തരം ഭരിക്കുന്നത് ജമാഅത്തെ ഇസ്ലാമി ആയിരിക്കുമെന്ന്! സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ഒരു പടികൂടി കടന്ന്, കാസര്‍കോട്ടും മലപ്പുറത്തും ജയിച്ചവരുടെ പേര് നോക്കി വര്‍ഗീയത അളക്കുന്നു. ജനരോഷം ഇരമ്പുമ്പോള്‍ മാത്രം പേരിനൊരു ഖേദപ്രകടനം നടത്തി തടിയൂരാമെന്നത് വെറും വ്യാമോഹം മാത്രമാണ്. ഇത്തരം പ്രസ്താവനകളില്‍ മുഖ്യമന്ത്രി പുലര്‍ത്തുന്ന മൗനം ഈ വര്‍ഗീയ പ്രചാരണങ്ങള്‍ക്കുള്ള അദ്ദേഹത്തിന്റെ പച്ചക്കൊടിയാണ്.
സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എം.എ. ബേബി പാത്രം കഴുകി സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടാന്‍ ശ്രമിക്കുകയാണ്. ബേബി സഖാവേ, ആ പാത്രങ്ങളിലെ അഴുക്ക് കഴുകുന്നതിനേക്കാള്‍ വേഗത്തില്‍ സ്വന്തം സഹപ്രവര്‍ത്തകരുടെ നാക്കിലെയും ചിന്തയിലെയും വര്‍ഗീയ വിഷം കഴുകിക്കളയാനാണ് താങ്കള്‍ ശ്രമിക്കേണ്ടത്. അണികള്‍ കൊണ്ടാടുന്ന ഈ 'മാതൃകാപരമായ' കഴുകല്‍ സ്വന്തം പാര്‍ട്ടിയിലെ രാഷ്ട്രീയ ജീര്‍ണ്ണതയില്‍ കൂടി പ്രാവര്‍ത്തികമാക്കാന്‍ തയ്യാറുണ്ടോ?
ഹൈന്ദവ വോട്ടുകള്‍ സമാഹരിക്കാന്‍ ന്യൂനപക്ഷങ്ങളെ അപരവല്‍ക്കരിക്കുന്ന ഈ തന്ത്രം കേരളത്തില്‍ വിലപ്പോകില്ല. പ്രബുദ്ധരായ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ഈ ഇരട്ടത്താപ്പ് കൃത്യമായി മനസ്സിലാകും. സ്വന്തം പക്ഷത്തുള്ള മതേതര വോട്ടുകള്‍ ചോരുകയും, ഉദ്ദേശിച്ച രീതിയില്‍ വോട്ട് ബാങ്ക് ഉണ്ടാക്കാന്‍ കഴിയാതെ വരികയും ചെയ്യുന്നതോടെ പിണറായിയുടെ ഈ വര്‍ഗീയ പരീക്ഷണം പരാജയപ്പെടുക തന്നെ ചെയ്യും.
അധികാരത്തിന് വേണ്ടി നാടിനെ വിഭജിക്കുന്ന ഈ 'ചുവപ്പന്‍ വര്‍ഗീയത' തിരിച്ചറിയുക!
