മൃതദേഹത്തിലെ പാടുകൾ നൽകിയത് നിർണ്ണായക സൂചന; മദ്യപാനത്തെ തുടർന്നുണ്ടായ വഴക്ക് കലാശിച്ചത് കൊലപാതകത്തിൽ; കഞ്ചിക്കോട് 50കാരനെ അടിച്ചുകൊന്ന സംഭവത്തിൽ സഹോദരൻ പിടിയിൽ

Update: 2026-02-05 09:04 GMT

പാലക്കാട്: പാലക്കാട് കഞ്ചിക്കോട് മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ ചേട്ടന്‍ അനിയനെ തല്ലിക്കൊന്നു. സംഭവത്തിൽ പ്രതിയെ വാളയാർ പോലീസ് അറസ്റ്റ് ചെയ്തു. കഞ്ചിക്കോട് വാട്ടർ ടാങ്ക് ജംഗ്ഷനിലെ പഴയ പോസ്റ്റ് ഓഫീസ് തെരുവിൽ താമസിക്കുന്ന ആർ. ബാബു (50) ആണ് കൊല്ലപ്പെട്ടത്. ബാബുവിന്റെ സഹോദരൻ ആർ. സതീഷിനെയാണ് (55) വാളയാർ പോലീസ് കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ദിവസം ബാബുവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ മൃതദേഹ പരിശോധനയിലാണ് ബാബുവിന്റെ ശരീരത്തിൽ മർദനമേറ്റ നിരവധി പാടുകൾ കണ്ടെത്തിയത്. ഇതോടെ ഇതൊരു കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിക്കുകയും വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു. അന്വേഷണത്തിനൊടുവിലാണ് സഹോദരൻ സതീഷിനെ പോലീസ് പിടികൂടിയത്.

തമിഴ്നാട് സ്വദേശികളായ ബാബുവും സതീഷും കഴിഞ്ഞ ഇരുപത് വർഷത്തോളമായി കുടുംബസമേതം കഞ്ചിക്കോടാണ് താമസിച്ചുവരുന്നത്. ഇരുവരും സ്ഥിരമായി മദ്യപിക്കുകയും തുടർന്ന് വഴക്കുകൾ ഉണ്ടാക്കുകയും പതിവായിരുന്നെന്ന് പ്രദേശവാസികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

കസ്റ്റഡിയിലുള്ള സതീഷിനെ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നാണ് പോലീസ് വൃത്തങ്ങൾ അറിയിക്കുന്നത്. സംഭവത്തിൽ വാളയാർ പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

Tags:    

Similar News