ഒഡീഷയില്‍ നിന്ന് വരുന്നതിനിടെ എറണാകുളത്തേക്ക് പോകാന്‍ ഒറ്റപ്പാലത്ത് ഇറങ്ങി; പരിശോധനയില്‍ 10 കിലോ കഞ്ചാവുമായി ടാക്സി ഡ്രൈവര്‍ പിടിയില്‍
പാലക്കാട്: ഒഡീഷയില്‍ നിന്നും ട്രെയിനില്‍ കടത്തിക്കൊണ്ട് വന്ന കഞ്ചാവുമായി തൃശൂര്‍ ചെന്ത്രാപ്പിന്നി സ്വദേശി പിടിയില്‍. നൗഫലിനെ (25) ഒറ്റപ്പാലത്ത് വച്ചാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. 10 കിലോ കഞ്ചാവാണ് നൗഫലില്‍ നിന്ന് എക്സൈസ് പിടികൂടിയത്. കഞ്ചാവുമായി എറണാകുളം എത്താന്‍ ശ്രമിക്കുകയായിരുന്ന ഇയാള്‍, ഒറ്റപ്പാലത്ത് ഇറങ്ങി ബസ് സ്റ്റാന്‍ഡിലേക്ക് പോകുന്നതിനിടെ പിടിയിലാകുകയായിരുന്നു.
ഒറ്റപ്പാലം എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എ.വിപിന്‍ ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍മാരായ സുദര്ശനന് നായര്‍, സി.വി. രാജേഷ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ ദേവകുമാര്‍ വി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഹരീഷ്, ഫിറോസ്, ജാക്സണ്, ഡ്രൈവര്‍ കെ.ജെ. ലൂക്കോസ് എന്നിവരും പരിശോധനയില്‍ പങ്കാളികളായിരുന്നു.
അതേസമയം തളിപ്പറമ്പില്‍ നിന്നും കഞ്ചാവ് പിടികൂടി. കാറില്‍ 25.07 കിലോഗ്രാം കഞ്ചാവ് കടത്തുന്നതിനിടെയാണ് സംഭവം. പെരിങ്ങോം മടക്കാംപൊയില്‍ സ്വദേശി എം.വി. സുഭാഷിനെ (43) എക്സൈസ് സംഘം പിടികൂടി. കാറിന്റെ പ്ലാറ്റ്ഫോം ഭാഗത്ത് രഹസ്യ അറ നിര്‍മ്മിച്ച് സൂക്ഷിച്ച കഞ്ചാവാണ് കണ്ടെത്തിയത്. തളിപ്പറമ്പ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ. കെ. ഷിജില്‍ കുമാറിന്റെ നേതൃത്വത്തിലായിരുന്നു ഇത്.