മാലിന്യം തള്ളാൻ ശ്രമിച്ചാൽ കർശന നടപടി; മാലിന്യവുമായി വരുന്ന വാഹനങ്ങൾ പിടികൂടാൻ പ്രത്യേക ദൗത്യ സംഘം; കേരളത്തിന് മുന്നറിയിപ്പുമായി കന്യാകുമാരി എസ്പി
ചെന്നൈ: കേരളത്തിൽ നിന്നുള്ള മാലിന്യം തമിഴ്നാട്ടിൽ തള്ളുന്ന സംഭവങ്ങൾ വർദ്ധിച്ചു വരുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെ മുന്നറിയിപ്പുമായി കന്യാകുമാരി എസ്പി. മാലിന്യം തമിഴ്നാട്ടിൽ തള്ളാൻ ശ്രമിച്ചാൽ കർശന നടപടി ഉണ്ടാകുമെന്നാണ് എസ്പി അറിയിച്ചിരിക്കുന്നത്. രണ്ട് ദിവസത്തിനിടെ 4 മലയാളികൾ അടക്കം 9 പേർ ഹോട്ടൽ മാലിന്യം കയറ്റി വന്ന ലോറിയുമായി അറസ്റ്റിലായിരുന്നു. തിരുനെൽവേലിക്ക് പകരം കന്യാകുമാരിയിൽ മാലിന്യം തള്ളാനാണ് ഇപ്പോൾ ശ്രമം നടക്കുന്നതെന്നും എസ്പി ആർ. സ്റ്റാലിൻ കുറ്റപ്പെടുത്തി.
മാലിന്യവുമായി വരുന്ന വണ്ടികൾ പിടികൂടാൻ പ്രത്യേക ദൗത്യ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മാലിന്യവുമായി വരുന്ന വാഹനങ്ങളിൽ ഉള്ളവർക്കും ഉടമകൾക്കും എതിരെ കേസെടുക്കുമെന്നും എസ്പി അറിയിച്ചു. അതേസമയം വീണ്ടും മാലിന്യവണ്ടികൾ കേരളത്തിൽ നിന്നെത്തിയ സംഭവം ദേശീയ ഹരിത ട്രൈബ്യൂനലിൽ തമിഴ്നാട് ഉന്നയിക്കുമെന്നാണ് സൂചന. ഈ മാസം 20നാണ് ഇനി കേസ് പരിഗണിക്കുന്നത്.
കഴിഞ്ഞ ദിവസം മാലിന്യവുമായെത്തിയ വാഹനങ്ങൾ പൊലീസ് പിടികൂടിയിരുന്നു. 9 പേരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. കനകരാജ് (50), രതിനപുരം സ്വദേശി ദർശൻ (23), അരമന്നം സ്വദേശി വിജു (29), സൈന്ദ്രോ (25), ദിനേശ് കുമാർ (29), ഷൈനു (24), ഷാഹുൽ ഹമീദ് (30), ഷാഹുൽ ഹമീദ് (30) ആസാം സ്വദേശി ഹരാൽ (30) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.