'പൊറോട്ടയും ബീഫും തലശ്ശേരി ബിരിയാണിയുമൊക്കെ എനിക്ക് ഭയങ്കര ഇഷ്ടമാ..'; കൂട്ടുകാരി കാരണമാണ് ഇതെല്ലാം..'; നല്ല മണിമണിയായി മലയാളം സംസാരിക്കുന്ന ആളെ കണ്ട് കൗതുകം; ചർച്ചയായി വാക്കുകൾ

Update: 2025-12-21 02:14 GMT

ദുബായ്: പഠനത്തിനായി കേരളത്തിലെത്തിയ കശ്മീരി യുവതി അഖ്സ ഹമീദ് സോഫി മലയാള ഭാഷയോടും കേരളത്തോടുമുള്ള തന്റെ അടങ്ങാത്ത സ്നേഹം പങ്കുവെക്കുന്നു. ശ്രീനഗർ സ്വദേശിയായ അഖ്സ ഇപ്പോൾ യുഎഇയിൽ പ്രവാസിയാണെങ്കിലും, കേരളം വിട്ടു വർഷങ്ങൾ കഴിഞ്ഞിട്ടും മലയാളത്തോടുള്ള ആത്മബന്ധം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു.

ഉപരിപഠനത്തിനായി കേരളത്തിലെത്തിയ അഖ്സ അഞ്ച് വർഷത്തോളം ഇവിടെ ചെലവഴിച്ചു. ഇടുക്കിയും മഹാത്മാഗാന്ധി സർവ്വകലാശാലയുമാണ് കേരളവുമായുള്ള തന്റെ ബന്ധം ദൃഢമാക്കിയതെന്ന് അഖ്സ പറയുന്നു. തന്റെ സഹപാഠിയായിരുന്ന അതുല്യയാണ് മലയാളം പഠിക്കാൻ സഹായിച്ചതെന്നും അവർ ഓർക്കുന്നു.

നിലവിൽ മൂന്ന് വർഷമായി യുഎഇയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയാണ് അഖ്സ. അവിടെയും തന്റെ ചുറ്റുമുള്ള മലയാളികളുമായി ഇടപഴകാനാണ് അഖ്സയ്ക്ക് ഏറെ ഇഷ്ടം. യുഎഇയെ 'കേരളത്തിന്റെ പതിനഞ്ചാം ജില്ല' എന്നാണ് അഖ്സ വിശേഷിപ്പിക്കുന്നത്.

"എല്ലാവരും ജസ്റ്റ് മനുഷ്യന്മാരാണ്" എന്നതാണ് കേരളം തനിക്ക് നൽകിയ ഏറ്റവും വലിയ പാഠമെന്ന് അഖ്സ വിശ്വസിക്കുന്നു. ജാതിമത ഭേദമന്യേ എല്ലാവരും ഒത്തൊരുമയോടെ കഴിയുന്നതും, ഓണവും പെരുന്നാളും ഒരേ ആവേശത്തോടെ ആഘോഷിക്കുന്ന മലയാളി മനസ്സിനെയും അവർ അഭിനന്ദിക്കുന്നു.

കേരളത്തിലെ ഭക്ഷണത്തോടും അഖ്സയ്ക്ക് വലിയ പ്രിയമാണ്. പൊറോട്ടയും ബീഫും തലശ്ശേരി ബിരിയാണിയും ഉൾപ്പെടെയുള്ള വിഭവങ്ങൾ കഴിക്കാൻ മാത്രമല്ല, അവ പാകം ചെയ്യാനും തനിക്ക് ഏറെ ഇഷ്ടമാണെന്ന് അഖ്സ വ്യക്തമാക്കുന്നു.

ഇന്ന് സോഷ്യൽ മീഡിയയിലും മലയാളം സംസാരിച്ചും കേരള വിശേഷങ്ങൾ പങ്കുവെച്ചും അഖ്സ സജീവമാണ്. പഠനം കഴിഞ്ഞ് മടങ്ങിയെങ്കിലും ഇന്നും കേരളത്തിന്റെ മണവും ഗുണവും മനസ്സിൽ കൊണ്ടുനടക്കുന്ന ഈ കശ്മീരി പെൺകുട്ടിയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം ശ്രദ്ധേയമായിക്കഴിഞ്ഞു. 

Tags:    

Similar News