ഇപ്പോള്‍ നമ്മള്‍ നേടിയില്ലെങ്കില്‍... പിന്നെ എപ്പോഴാ..... എന്റെ പ്രിയപ്പെട്ട ജീവനക്കാര്‍ക്ക് നന്ദി, അഭിനന്ദനങ്ങള്‍.....; വരുമാന നേട്ടത്തില്‍ ജീവനക്കാര്‍ക്ക് നന്ദി പറഞ്ഞ് ഗതാഗത മന്ത്രി
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനം സര്‍വകാല റെക്കോഡ് സ്വന്തമാക്കിയതിന് പിന്നാലെ ജീവനക്കാര്‍ക്ക് നന്ദി പറഞ്ഞ് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. ഇന്നലെ മാത്രം 10.19 കോടി രൂപയുടെ കളക്ഷനാണ് കെഎസ്ആര്‍ടിസി നേടിയത്. 2024 ഡിസംബര്‍ 23ന് ശബരിമല സീസണില്‍ നേടിയ 9.22 കോടി രൂപയുടെ കളക്ഷന്‍ റെക്കോര്‍ഡാണ് മറികടന്നത്.
കെഎസ്ആര്‍ടിസി സിഎംഡി മുതല്‍ മുഴുവന്‍ ജീവനക്കാരുടെയും ഒരുമിച്ചുള്ള അക്ഷീണ പരിശ്രമമാണ് പലപ്പോഴും അപ്രാപ്യമെന്ന് കരുതിയിരുന്ന ലക്ഷ്യം യാഥാര്‍ഥ്യമാക്കാനായതെന്ന് മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കെഎസ്ആര്‍ടിസിയുടെ അഭിമാനകരമായ ഈ നേട്ടത്തിനായി, ഓരോ ഘട്ടത്തിലും അകമഴിഞ്ഞ പിന്തുണ നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്‍, ധനകാര്യമന്ത്രി, കെഎസ്ആര്‍ടിസി ജീവനക്കാര്‍, യാത്രക്കാര്‍ തുടങ്ങി ഈ കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ മുഴുവന്‍ പേരോടും മന്ത്രി കെ ബി ?ഗണേഷ് കുമാര്‍ നന്ദി പറഞ്ഞു.
ഫെയ്‌സ്ബുക്ക് കുറിപ്പ്
ഇപ്പോള്‍ നമ്മള്‍ നേടിയില്ലെങ്കില്‍
പിന്നെ എപ്പോഴാ.....
എന്റെ പ്രിയപ്പെട്ട ജീവനക്കാര്‍ക്ക് നന്ദി, അഭിനന്ദനങ്ങള്‍.....
ടിക്കറ്റ് വരുമാനത്തില്‍ കെഎസ്ആര്‍ടിസിക്ക് ചരിത്ര നേട്ടം: 10.19 കോടി രൂപ
കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (KSRTC) ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം ( ഓപ്പറേറ്റിംഗ് റവന്യു ) കൈവരിച്ചു. 2025 സെപ്തംബര്‍ എട്ടാം തീയതിയാണ് എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനമായ 10.19 കോടി രൂപ കെഎസ്ആര്‍ടിസി നേടിയത്. മുന്‍പ് 2024 ഡിസംബര്‍ 23ന് ശബരിമല സീസണില്‍ നേടിയ ഓപ്പറേറ്റിംഗ് റവന്യു ആയ 9.22 കോടി രൂപ എന്ന നേട്ടത്തെ ആണ് ഇപ്പോള്‍ മറികടന്നത്. 2024 സെപ്തംബര്‍ 14ലെ ഓണം സമയത്ത് നേടിയ ഏറ്റവും കൂടിയ വരുമാനമായ 8.29 കോടി രൂപയായിരുന്നു ഇതുവരെ ഓണക്കാല സര്‍വ്വകാല റെക്കോഡ്. 4607 ബസ്സുകള്‍ ആണ് ഓപ്പറേറ്റ് ചെയ്ത് വരുമാനം ലഭ്യമാക്കിയത്. ഇത് മുന്‍ റെക്കോഡ് വരുമാനം നേടിയ 2024 ഡിസംബര്‍ 23ല്‍ 4567 ആയിരുന്നു.
KSRTC CMD മുതല്‍ മുഴുവന്‍ ജീവനക്കാരുടെയും ഒരുമിച്ചുള്ള അക്ഷീണ പരിശ്രമമാണ് പലപ്പോഴും അപ്രാപ്യമെന്ന് കരുതിയിരുന്ന ലക്ഷ്യം യാഥാര്‍ഥ്യമാക്കാനായത്. പുതിയ ബസുകളുടെ വരവും, ഡിജിറ്റല്‍ പേയ്‌മെന്റ്, ട്രാവല്‍ കാര്‍ഡ്, ചലോ ആപ്പ് തുടങ്ങി കെഎസ്ആര്‍ടിസിയില്‍ കൊണ്ടുവന്ന നിരവധി മാറ്റങ്ങളും സേവനങ്ങളില്‍ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും യാത്രക്കാര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്...
കെഎസ്ആര്‍ടിസിയുടെ അഭിമാനകരമായ ഈ നേട്ടത്തിനായി, ഓരോ ഘട്ടത്തിലും അകമഴിഞ്ഞ പിന്തുണ നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്‍, ധനകാര്യ മന്ത്രി, സമര്‍പ്പിതമായി പ്രവര്‍ത്തിച്ച മുഴുവന്‍ ജീവനക്കാര്‍, കെഎസ്ആര്‍ടിസിയോട് വിശ്വാസ്യത പുലര്‍ത്തിയ യാത്രക്കാര്‍, എല്ലാ പ്രവര്‍ത്തനങ്ങളിലും നേതൃത്വം നല്‍കിയ കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ഡോ. പി എസ് പ്രമോജ് ശങ്കര്‍ തുടങ്ങി ഈ കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ മുഴുവന്‍ പേരോടുള്ള നന്ദിയും സന്തോഷവും ഈ വേളയില്‍ പങ്കുവയ്ക്കുന്നു.