മത്സരാധിഷ്ഠിത തൊഴില്‍ മേഖലയില്‍ അഭ്യസ്തവിദ്യര്‍ പിന്നാക്കം പോകാതിരിക്കാനുള്ള പരിശ്രമമാണു തൊഴില്‍മേള; യുവജനങ്ങള്‍ തൊഴില്‍ അവസരങ്ങള്‍ പ്രയോജനപ്പെടുത്തി മുന്നേറണം: മന്ത്രി ഒ ആര്‍ കേളു

Update: 2024-11-29 14:52 GMT

എറണാകുളം: പട്ടികജാതി -പട്ടികവര്‍ഗ വിഭാഗത്തിലെ അഭ്യസ്തവിദ്യരായ യുവതീയുവാക്കളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികളാണു സര്‍ക്കാര്‍ നടപ്പിലാക്കിവരുന്നതെന്നും ഈ അവസരങ്ങള്‍ പ്രയോജനപ്പെടുത്തി മുന്നേറാനാകണമെന്നും പട്ടികജാതി-പട്ടിക വര്‍ഗ വികസന വകുപ്പ് മന്ത്രി ഒ ആര്‍ കേളു പറഞ്ഞു. പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗക്കാരായ എഞ്ചിനീയറിങ്ങ്, പോളിടെക്‌നിക് ബിരുദധാരികള്‍ക്കായി സംഘടിപ്പിച്ച ട്രേസ് തൊഴില്‍മേള എറണാകുളം ഫോര്‍ഷോര്‍ റോഡിലെ ട്രൈബല്‍ കോപ്ലക്‌സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

മത്സരാധിഷ്ഠിത തൊഴില്‍ മേഖലയില്‍ അഭ്യസ്തവിദ്യര്‍ പിന്നാക്കം പോകാതിരിക്കാനുള്ള പരിശ്രമമാണു തൊഴില്‍മേളയിലൂടെ ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ സംവിധാനത്തില്‍ തൊഴില്‍ പരിചയവും പരിശീലനവും നേടുന്നതിനായി ആവിഷ്‌ക്കരിച്ച ട്രേസ് പദ്ധതിയിലൂടെ രണ്ടുവര്‍ഷ പരിശീലനം പൂര്‍ത്തിയാക്കിയ അക്രഡിറ്റഡ് എഞ്ചിനീയര്‍മാര്‍ക്കു സ്ഥിരം തൊഴില്‍ നേടുന്നതിനു മേള അവസരം ഒരുക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.

പിന്നാക്ക വിഭാഗക്കാര്‍ക്കുള്ള പ്രീമെട്രിക്, എം ആര്‍ ഹോസ്റ്റലുകള്‍ ശക്തിപ്പെടുത്തുകയും വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ മെച്ചപ്പെടുത്തുകയും വഴി വിദ്യാഭ്യാസ രംഗത്ത് മുന്‍കാലങ്ങളെ അപേക്ഷിച്ചു വലിയ പുരോഗതി കൈവരിക്കാനായിട്ടുണ്ട്. പ്ലസ്ടു, ഡിഗ്രി കഴിഞ്ഞവര്‍, ഐ ടി , വിവിധ മേഖലകളില്‍ ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയവര്‍, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവര്‍ എന്നിവരുടെ എണ്ണം കൂടി. ഇവര്‍ക്കുള്ള തൊഴില്‍ സാധ്യത ഉയര്‍ത്തുന്നതിന്റെ ഭാഗമായാണു സര്‍ക്കാര്‍ സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നത്. മാറുന്ന കാലത്ത് ഇഷ്ടപ്പെട്ട മേഖല തിരഞ്ഞെടുക്കാന്‍ ശ്രമിക്കുന്നതോടൊപ്പം യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊണ്ടു ജീവിതം മെച്ചപ്പെടുത്തുന്നതിനായി ഏതു ജോലിയും ചെയ്യാനുള്ള ആര്‍ജവം ഉണ്ടാകണം. എല്ലാ മേഖലയിലും കഴിവും കാര്യക്ഷമതയും വളരെ പ്രധാനമാണ്. ഇവ പ്രായോഗികതലത്തില്‍ കൊണ്ടുവരാനും സാധിക്കണം.

വകുപ്പിന്റെ ചെലവില്‍ 773 പേരെ 25 ലക്ഷം രൂപ മുടക്കി വിദേശ രാജ്യങ്ങളില്‍ ഉപരിപഠനത്തിനായി അയച്ചു. ഇതില്‍ ഇതുവരെ 56 പേര്‍ ജോലി നേടി. എംബിബിഎസ് അടക്കുള്ള പ്രൊഫണല്‍ കോഴ്‌സ് പഠിക്കുന്നതിനും സര്‍ക്കാര്‍ ധനസഹായം നല്‍കുന്നുണ്ട്. നഴ്‌സിങ് പഠനം പൂര്‍ത്തിയായ 400 കുട്ടികള്‍ക്കു സര്‍ക്കാര്‍ ആശുപത്രിയില്‍ രണ്ടുവര്‍ഷത്തേക്കു നിയമന ഉത്തരവു നല്‍കി. കൂടാതെ വിവിധ വകുപ്പുകളില്‍ പ്രത്യേക പരിഗണന നല്‍കി സ്‌പെഷല്‍ റിക്രൂട്ട്‌മെന്റിലൂടെ അവസരം നല്‍കിയിട്ടുണ്ട്. ജോലി ലഭിച്ചാല്‍ കുടുംബത്തെ മെച്ചപ്പെട്ട സാമൂഹിക അന്തരീക്ഷത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള പരിശ്രമം ഉണ്ടാകണം. ഇതാണു വകുപ്പും സര്‍ക്കാരും ആത്യന്തികമായി ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ 66-ാമത് സ്‌കൂള്‍ കായികമേളയില്‍ ഫെന്‍സിംഗിന് വെങ്കല മെഡല്‍ കരസ്ഥമാക്കിയ സൂര്യ സിബു, എല്‍എല്‍ബിക്കു കറുകടം ഹോസ്റ്റലില്‍ നിന്നും അഡ്മിഷന്‍ ലഭിച്ച ജെ ജയേഷ്, നേര്യമംഗലം ഹോസ്റ്റലില്‍ നിന്നും അഡ്മിഷന്‍ ലഭിച്ച ജോമോള്‍ ബിനു എന്നിവരെ മന്ത്രി ആദരിച്ചു.

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി, കെല്‍, നിര്‍മ്മിതി, എഫ്ഐടി, സില്‍ക്ക് തുടങ്ങി പൊതുമേഖലാ - സ്വകാര്യ സ്ഥാപനങ്ങളാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി മേളയില്‍ എത്തിയത്. ടി ജെ വിനോദ് എംഎല്‍എ അധ്യക്ഷനായ ചടങ്ങില്‍ കൊച്ചി മേയര്‍ അഡ്വ എം അനില്‍കുമാര്‍ മുഖ്യാതിഥിയായി, വാര്‍ഡ് കൗണ്‍സിലര്‍ എസ്എസ് സുധീഷ്, പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ ശ്രീധന്യ സുരേഷ്, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    

Similar News