കഞ്ചാവ് വില്പന നടത്തുന്നത് എക്സൈസിനെ അറിയിച്ചതിലുള്ള വിരോധം; യുവാവിനെ തട്ടികൊണ്ട് പോയി മർദിച്ചു; കെട്ടിയിട്ട് തല മൊട്ടയടിച്ചു, കാലിൽ വാളുകൊണ്ട് വെട്ടി; ഒടുവിൽ റോഡിൽ ഉപേക്ഷിച്ച് കടന്നു; കേസിൽ മൂന്ന് പേര് പിടിയിൽ

Update: 2025-07-12 14:47 GMT

തിരുവനന്തപുരം: നഗരത്തിൽ നിന്നും യുവാവിനെ തട്ടിക്കൊണ്ട് പോയി കെട്ടിയിട്ട് മർദിച്ചത് മുൻവൈരാഗ്യത്തെ തുടർന്ന്. കേസിൽ മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. മരുതൂർ സ്വദേശി ജ്യോതിഷ്, നാലാഞ്ചിറ സ്വദേശി ജിതിൻ രാജ്, മുട്ടട സ്വദേശി സച്ചുലാൽ എന്നിവരെ മണ്ണന്തല പോലീസ് പിടികൂടിയത്. മെഡിക്കൽ കോളേജ് സ്റ്റാഫ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന അബ്ദുള്ളയെ(22)യാണ് പ്രതികൾ തട്ടിൽപോണ്ട കൊണ്ട് പോയി മർദിച്ചത്. പ്രതികൾ കഞ്ചാവ് വില്പന നടത്തുന്നത് എക്സൈസിനെ അറിയിച്ചതിലുള്ള വിരോധത്തിലാണ് ആറംഗസംഘത്തിന്റെ ക്രൂരത.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം. അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്ത് നിന്നാണ് പ്രതികൾ അബ്ദുള്ളയെ തട്ടിക്കൊണ്ടു പോയത്. എയർപോർട്ടിലെ ജീവനക്കാരനായ അബ്ദുള്ളയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി തട്ടി കൊണ്ടുപോവുകയായിരുന്നു. തുടർന്ന് നാലാഞ്ചിറ കുരിശടി ജംഗ്ഷന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുവന്ന് ക്രൂരമായി മർദിച്ചു.

അബ്ദുള്ളയെ കാലിൽ വാളുകൊണ്ട് വെട്ടിയും തലമൊട്ടയടിച്ചും പ്രതികൾ ഉപദ്രവിച്ചെന്നുമാണ് പരാതി. ശേഷം നഗരത്തിലൂടെ വാഹനത്തിൽ കൊണ്ടുപോയി പലയിടങ്ങളിൽ വെച്ച് മർദ്ദിച്ച് രാത്രിയോടെ ചാലക്കുഴി റോഡിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. രാത്രി വൈകിയും മകൻ വീട്ടിൽ എത്താതായതോടെ അമ്മ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അബ്ദുള്ളയെ കണ്ടെത്തിയത്. കേസിൽ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.

Tags:    

Similar News