രാത്രിയില്‍ വിദ്യാര്‍ഥിനികളെ പെരുവഴിയിലാക്കി; വനിതാ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ ബസ് നിര്‍ത്തണമെന്ന ഉത്തരവ് ലംഘിച്ചു; കെഎസ്ആര്‍ടിസി കണ്ടക്ടറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

കെഎസ്ആര്‍ടിസി കണ്ടക്ടറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

Update: 2025-12-20 17:25 GMT

തൃശൂര്‍: രാത്രി യാത്രയ്ക്കിടെ വിദ്യാര്‍ഥിനികള്‍ ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ബസ് നിര്‍ത്താതിരിക്കുകയും അവരെ വഴിയില്‍ ഇറക്കിവിടുകയും ചെയ്ത കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്കെതിരെ കര്‍ശന നടപടി. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയിലെ RPE 546 സൂപ്പര്‍ ഫാസ്റ്റ് ബസിലെ കണ്ടക്ടറെയാണ് സര്‍വീസില്‍ നിന്ന് നീക്കം ചെയ്തത്. കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ കണ്ടക്ടറുടെ ഭാഗത്ത് നിന്ന് ഗുരുതരമായ കൃത്യവിലോപം ഉണ്ടായതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്നു സൂപ്പര്‍ ഫാസ്റ്റ് ബസ്. അങ്കമാലിക്കും മുരിങ്ങൂരിനും ഇടയിലുള്ള 'പൊങ്ങം' എന്ന സ്ഥലത്ത് ഇറങ്ങണമെന്ന് വിദ്യാര്‍ഥിനികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ സ്റ്റോപ്പില്‍ ബസ് നിര്‍ത്താന്‍ കണ്ടക്ടര്‍ തയ്യാറായില്ല. വിദ്യാര്‍ഥിനികളുടെ അഭ്യര്‍ത്ഥന നിരസിച്ച് അവരെ കിലോമീറ്ററുകള്‍ അകലെയുള്ള ചാലക്കുടി ബസ് സ്റ്റാന്‍ഡില്‍ ഇറക്കിവിടുകയായിരുന്നു.

രാത്രികാലങ്ങളില്‍ വനിതാ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ (നിശ്ചിത സ്റ്റോപ്പ് അല്ലെങ്കില്‍ പോലും) ബസ് നിര്‍ത്തിക്കൊടുക്കണമെന്ന കൃത്യമായ ഉത്തരവ് നിലവിലുണ്ട്. ഇത് ലംഘിച്ച കണ്ടക്ടര്‍ യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്ന രീതിയില്‍ നിരുത്തരവാദപരമായാണ് പെരുമാറിയതെന്ന് വിജിലന്‍സ് വിഭാഗം റിപ്പോര്‍ട്ട് നല്‍കി.

ജീവനക്കാരുടെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള പ്രവൃത്തികള്‍ ഉണ്ടായാല്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ തുടരുമെന്നും അധികൃതര്‍ ഉത്തരവില്‍ വ്യക്തമാക്കി.

Tags:    

Similar News