ഹയര്‍ സെക്കന്‍ണ്ടറി സര്‍ട്ടിഫിക്കറ്റുകളിലെ ഗുരുതര തെറ്റുകള്‍; കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കെ എസ് യു
തിരുവനന്തപുരം: മാര്‍ക്കുകള്‍ മാറി പോയ ഹയര്‍ സെക്കന്‍ണ്ടറി സര്‍ട്ടിഫിക്കറ്റുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടായത് ഗുരുതര വീഴ്ച്ചയെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍.വിദ്യാര്‍ത്ഥികളുടെ ഭാവി വെച്ച് പന്താടാന്‍ സര്‍ക്കാര്‍ തയാറാവരുത്. സോഫ്റ്റ്വേര്‍ പിഴവിന്റെ പേര് പറഞ്ഞ് കുറ്റക്കാരെ രക്ഷപ്പെടാന്‍ അനുവദിക്കില്ലന്നും ബന്ധപ്പെട്ടവര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് ആവശ്യപ്പെട്ടു.
തെറ്റുകള്‍ തിരുത്തി പുതിയ മാര്‍ക്ക് ലിസ്റ്റുകള്‍ ലഭ്യമാക്കാന്‍ ഉണ്ടാകുന്ന കാലതാമസം , ഡല്‍ഹി സര്‍വ്വകലാശാല ഉള്‍പ്പടെ രാജ്യത്തെ പ്രധാന സര്‍വ്വകലാശാലകളില്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്ക ഉയര്‍ന്നിരിക്കുകയാണ്. സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്ന് വീഴ്ച്ചകളുടെ പരമ്പര തുടരുകയാണ്. സര്‍ട്ടിഫിക്കറ്റുകള്‍ ഉടനടി ലഭ്യമാക്കി വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ പരിഹരിക്കുകയും, കുറ്റക്കാര്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കുകയും വേണം. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം കെ.എസ്.യുവിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്നും സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി.