പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ലിഫ്റ്റ് തകരാറിലായിട്ട് ഏഴു ദിവസം; രോഗികളെ താഴെയിറക്കുന്നത് തുണിയിൽ കെട്ടി; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വീണ ജോര്‍ജ്

Update: 2024-09-18 12:28 GMT

തിരുവനന്തപുരം: പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ലിഫ്റ്റ് കേടായ സംഭവത്തില്‍ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വീണ ജോര്‍ജ്. ഇത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഏഴ് ദിവസമായി പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ലിഫ്റ്റ് തകരാറിലാണ്. എന്നിട്ടും അതികൃതരുടെ അടുത്ത് ഭാഗത്തു നിന്നും വേണ്ടതായ നടപടി ഉണ്ടായില്ല. നാലാം നിലയിൽ നിന്ന് ശസ്ത്രക്രിയ കഴിഞ്ഞ രോഗികളെ അടക്കം താഴെ എത്തിക്കുന്നത് തുണിയിൽ കെട്ടിയാണ്.

രോഗികളുടെ കൂട്ടിരിപ്പുകാർ മുളങ്കമ്പുകൾ തുണിയിൽ കെട്ടിയുണ്ടാക്കിയ തുണി സ്ട്രെച്ചറിലാണു രോഗികളെ മുകൾ നിലയിൽനിന്നു താഴേക്ക് ഇറക്കുന്നത്. ഈ താൽക്കാലിക സ്‌ട്രെച്ചറുകളിൽ കഴിഞ്ഞ ദിവസങ്ങളിലായി നിരവധി രോഗികളെ മുകളിലത്തെ നിലകളിൽ നിന്ന് താഴത്തെ നിലകളിലേക്ക് മാറ്റിയിരുന്നു.

ബി ആൻഡ് സി ബ്ലോക്കിലെ ലിഫ്റ്റ് പണിമുടക്കി ഒരാഴ്ച പിന്നിട്ടിട്ടും ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് ഇത്തരം സങ്കീർണമായ പ്രവർത്തികൾക്ക് മുതിരാൻ കൂട്ടിരിപ്പുകാരെ പ്രേരിപ്പിച്ചത്. ദിവസവും ഏഴും എട്ടും രോഗികളെയാണ് ഇത്തരത്തിൽ ‘തുണി സ്ട്രെച്ചറിൽ’ കൊണ്ടുപോകുന്നത്. മുകളിലത്തെ നിലകളിൽ നിന്ന് താഴത്തെ നിലകളിലേക്ക്. കഴിഞ്ഞദിവസം ഇത്തരത്തിൽ കൊണ്ടുപോകുമ്പോൾ രോഗി താഴെ വീണെന്നും ആക്ഷേപമുണ്ട്.

തുണിയിൽ കെട്ടി കൊണ്ടുവന്ന രോഗി താഴെ വീണ വിവരം പുറത്തുവന്നതോടെ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകരും രംഗത്തെത്തി. വിവരം അറിഞ്ഞ മന്ത്രി സമഗ്ര അന്വേഷണത്തിന് നിർദേശം നൽകി.

ആശുപത്രിയുടെ മൂന്നാംനിലയിലെ ഓപ്പറേഷൻ തിയേറ്ററിലെത്തിക്കേണ്ട രോഗികളെയും ഓപ്പറേഷൻ കഴിഞ്ഞുകിടക്കുന്ന രോഗികളെയും ഇങ്ങനെ കൊണ്ടുപോകേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ലേബർവാർഡും പീഡിയാട്രിക് ഐ.സി.യു.വും ഉൾപ്പെടെ പ്രധാന വകുപ്പുകൾ ഇവിടെയാണ്. ഓപ്പറേഷൻ കഴിഞ്ഞ രോഗികൾക്ക് സ്കാനിങ്, എക്സ് റേ തുടങ്ങിയവ എടുക്കേണ്ടി വന്നാലും താഴെയിറങ്ങാൻ വേറെ മാർഗ്ഗമില്ല. പഴക്കംചെന്ന കെട്ടിടമായതിനാൽ റാമ്പ് സൗകര്യവും ഇല്ല. ആശുപത്രി അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് രോഗികളുടെ കൂട്ടിരിപ്പുകാർ ആരോപിച്ചു.

Tags:    

Similar News