കുറുക്ക് തയ്യാറാക്കാൻ അമൃതം പൊടി പായ്ക്കറ്റ് പൊട്ടിച്ചു; കണ്ടത് ചത്തുണങ്ങിയ പല്ലികൾ; പല്ലികളെ കണ്ടെത്തിയത് കുഞ്ഞുങ്ങൾക്കുള്ള പോഷകാഹാരത്തിൽ
മാന്നാർ: ബുധനൂരിൽ അങ്കണവാടിയിൽ വിതരണം ചെയ്ത അമൃതം പൊടിയിൽ ചത്തുണങ്ങിയ പല്ലികളെ കണ്ടെത്തി. കുടുംബശ്രീ സംരംഭമായ അമൃതം പൊടിയിൽ ചത്തുണങ്ങിയ 2 പല്ലികളെയാണ് കണ്ടെത്തിയത്. ഫെബ്രുവരി മാസത്തിൽ നൽകുന്നതിനായി വിതരണം ചെയ്ത അമൃതം പൊടി പായ്ക്കറ്റുകളിൽ ഒന്നിലാണ് ചത്തുണങ്ങിയ പല്ലികളെ കണ്ടെത്തിയത്. കഴിഞ്ഞ 22നാണ് ബുധനൂർ പഞ്ചായത്തിൽ നിന്നും പായ്ക്കറ്റുകൾ അങ്കണവാടികളിലേക്ക് വിതരണം ചെയ്തത്. രണ്ടു ദിവസം മുമ്പ് ലഭിച്ച അമൃതം പായ്ക്കറ്റ് വീട്ടുകാർ പൊട്ടിച്ച് കുറുക്ക് തയ്യാറാക്കാൻ എടുത്തപ്പോഴാണ് രണ്ട് പല്ലികളെ ചത്ത് ഉണങ്ങിയ നിലയിൽ കിടക്കുന്നത് ശ്രദ്ധയിപ്പെട്ടത്.
തുടർന്ന് വീട്ടുകാർ അങ്കണവാടി ടീച്ചറെ അറിയിക്കുകയായിരുന്നു. ടീച്ചർ പരിശോധന നടത്തിയ ശേഷം സൂപ്പർവൈസറെ അറിയിച്ചു. സി ഡി പി ഒ യ്ക്ക് റിപ്പോർട്ട് ചെയ്യുകയും ചെയ്തു. മാന്നാർ പഞ്ചായത്ത് കുടുംബശ്രീ സംരംഭമായ അമൃതശ്രീ അമൃതംഫുഡ് സപ്ലിമെന്റ് യൂണിറ്റ് ഉല്പാദിപ്പിക്കുന്ന അമൃതം ന്യൂട്രിമിക്സാണ് അങ്കണവാടികളിൽ വിതരണം ചെയ്യുന്നത്. രണ്ട് വർഷം മുമ്പ് മാന്നാർ പഞ്ചായത്തിലെ കുരട്ടിശ്ശേരി പാവുക്കര രണ്ടാം വാർഡിൽ പ്രവർത്തിക്കുന്ന 171-ാംനമ്പർ അംഗൻവാടി വഴി വിതരണം ചെയ്ത പായ്‌ക്കറ്റിൽ ചത്ത പല്ലികളുടെ അവശിഷ്ടം കണ്ടെത്തിയതിനെതുടർന്ന് കുട്ടമ്പേരൂർ മുട്ടേൽ ജംഗ്ഷന് സമീപത്തെ ഉൽപാദന കേന്ദ്രം പൂട്ടിയിരുന്നു.