കുത്തുകയറ്റം കയറവെ ഭാരത് ബെൻസിന്റെ നിയന്ത്രണം ആകെ നഷ്ടപ്പെട്ടു; വീടിന് മുകളിലേക്ക് ടോറസ് ലോറി മറിഞ്ഞ് വീണ് അപകടം; കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം; സംഭവം നെടുങ്കണ്ടത്ത്
By : സ്വന്തം ലേഖകൻ
Update: 2026-01-09 06:55 GMT
ഇടുക്കി: നെടുങ്കണ്ടം താന്നിമൂട്ടിൽ ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. വെള്ളിയാഴ്ച രാവിലെ പത്തരയോടെ നടന്ന അപകടത്തിൽ വീട്ടിലുണ്ടായിരുന്നവർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. റോഡ് നിർമ്മാണത്തിനായി മെറ്റൽ കയറ്റിവന്ന ലോറിയാണ് താന്നിമൂട് സ്വദേശി അബ്ദുൾ റസാഖിന്റെ വീടിന് മുകളിലേക്ക് മറിഞ്ഞത്.
സംഭവത്തിൽ നിസ്സാര പരിക്കേറ്റ ലോറി ഡ്രൈവറെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുത്തുകയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട ലോറി പിന്നോട്ട് നീങ്ങുകയും വീടിന്റെ ഒരു ഭാഗത്തേക്ക് പതിക്കുകയുമായിരുന്നു. ലോറി മറിഞ്ഞതിനെ തുടർന്ന് വീടിന്റെ ഒരു ഭാഗം പൂർണ്ണമായും തകരുകയും വീട്ടുപകരണങ്ങൾ ഉൾപ്പെടെയുള്ള വസ്തുവകകൾ നശിക്കുകയും ചെയ്തിട്ടുണ്ട്. ഒരു വലിയ ദുരന്തം ഒഴിവായി എന്നതിന്റെ ആശ്വാസത്തിലാണ് പ്രദേശവാസികൾ.