കണ്ണൂര്‍ കോര്‍പറഷനിലെ മാലിന്യ സംസ്‌കരണത്തിന്റെ മറവില്‍ മുന്‍ മേയറുടെ കോടികളുടെ അഴിമതി; വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കുമെന്ന് എം വി ജയരാജന്‍
കണ്ണൂര്‍ കോര്‍പ്പറേഷനില്‍ അഴിമതിയെന്ന് എം വി ജയരാജന്‍
കണ്ണൂര്‍ : യുഡിഎഫ് ഭരിക്കുന്ന കണ്ണൂര്‍ കോര്‍പ്പറേഷനില്‍ അഴിമതിയെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ചേലോറ മാലിന്യ പ്ലാന്റിലെ ഖരമാലിന്യ നീക്കത്തിലാണ് അഴിമതി. 1.77 കോടി രൂപയുടെ ക്രമക്കേട് നടന്നതായി സി എ ജി റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുണ്ട്. മാനദണ്ഡങ്ങള്‍ പാലിക്കാതെ ടെന്‍ഡര്‍ നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്.
ആവശ്യത്തിനുള്ള മാലിന്യം നീക്കം ചെയ്യാതെ ഒരു നിശ്ചിത അളവില്‍ മാത്രം ഖരമാലിന്യങ്ങള്‍ മാറ്റുകയായിരുന്നു.. ബാക്കി ട്രഞ്ചിംങ് ഗ്രൗണ്ടില്‍ മണ്ണിട്ടു മൂടുകയാണ് ചെയ്തത്. നിങ്ങള്‍ ഇത്രമാത്രം മാലിന്യങ്ങള്‍ നീക്കം ചെയ്താല്‍ മതിയെന്ന് മുന്‍ മേയര്‍ ടി.ഒ.മോഹനന്‍ കരാറുകാരോട് മാലിന്യം ചൂണ്ടിക്കാണിച്ചു പറയുകയായിരുന്നു. ബാക്കിയുള്ളവ മണ്ണിട്ട് മൂടിയാണ് അഴിമതി നടത്തിയത്.
ഇതിനായി കരാറേറ്റെടുത്ത കമ്പനിക്ക് കൂടുതല്‍ തുക നല്‍കിയതായും സി എ ജി റിപ്പോര്‍ട്ടിലുണ്ട്. 86 ലക്ഷം നല്‍കേണ്ടതിന് പകരം 2.63 കോടി രൂപയാണ് നല്‍കിയത്. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നും എല്‍.ഡി.എഫ് പരാതി നല്‍കുമെന്നും എം.വി ജയരാജന്‍ പറഞ്ഞു. മുന്‍ മേയറുടെ നേതൃത്വത്തില്‍ നഗരത്തിലെ രണ്ടിടങ്ങളില്‍ സ്ഥാപിച്ച മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിങ് സെന്റര്‍ ഉദ്ഘാടനം ചെയ്തിട്ട് ഒരു വര്‍ഷം പിന്നിട്ടിട്ടുംഇതുവരെ ഒരു കാര്‍ കയറ്റാന്‍ പോലുംകഴിഞ്ഞിട്ടില്ല. കോര്‍പറേഷന്റെ ദ്രവ മാലിന്യ സംസ്‌കരണ പദ്ധതിക്ക് എല്‍.ഡി.എഫ് പൂര്‍ണ പിന്‍ തുണ നല്‍കിയതാണ്. എന്നാല്‍ അതും അഴിമതിക്കുള്ള വേദിയാക്കി മുന്‍ മേയര്‍ മാറ്റി. ഇപ്പോഴത്തെ മേയര്‍ അഴിമതി നടത്തിയെന്ന് ഞങ്ങള്‍ പറയുന്നില്ല എന്നാല്‍ എല്ലാത്തിനും നിസഹായനായി നോക്കുകുത്തിയായി നില്‍ക്കുകയാണെന്നും കണ്ണൂര്‍ ഡി.സി ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ എം.വി ജയരാജന്‍ ആരോപിച്ചു.
2022 മെയ് മാസം ഏഴിനാണ് മുന്‍ മേയര്‍ കരാര്‍ ഉണ്ടാക്കിയത്. ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിലുള്ള ഖരമാലിന്യങ്ങള്‍ നീക്കം ചെയ്തു സ്ഥലം ലെവല്‍ ചെയ്തു നല്‍കാമെന്നാണ് 7.56 കോടി രൂപയ്ക്കുണ്ടാക്കിയ കരാര്‍. സര്‍ക്കാരല്ല കോര്‍പറേഷന്‍ തന്നെയാണ് നേരിട്ട് കരാര്‍ കമ്പിനിയെ തെരഞ്ഞെടുത്തത്. അത് അഴിമതി നടത്താനാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ് ഞങ്ങള്‍ അന്ന് അവിടെ പോയപ്പോള്‍ ആ ഭാഗത്ത് ദുര്‍ഗന്ധമാണെന്ന് പറഞ്ഞ് തടസപ്പെടുത്തി. എന്നിട്ടും ഞങ്ങള്‍ അവിടെ പോയപ്പോഴാണ് മാലിന്യം മണ്ണിട്ടു മൂടുന്നത് നേരില്‍ കണ്ടത്. ഇപ്പോഴത്തെ മേയര്‍ അഴിമതി വിരുദ്ധ നിലപാടുള്ളയാളാണെങ്കില്‍ അന്നത്തെ മേയര്‍ക്കെതിരെ വിജിലന്‍സില്‍ പരാതി നല്‍കണം.
മുന്‍ മേയറുടെ നേതൃത്വത്തിലുള്ള കറക്കുകമ്പനിയാണ് അന്ന് ഭരണം നിയന്ത്രിച്ചത്. മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് കേന്ദ്രം നിര്‍മ്മിച്ചെങ്കിലും മള്‍ട്ടി ലെവല്‍ പോയിട്ട് ഒരു കാര്‍ പോലും അവിടെ പാര്‍ക്ക് ചെയ്യാന്‍ കഴിയാത്ത അവസ്ഥയുണ്ടാക്കി. ദ്രവ മാലിന്യ പ്‌ളാന്റിനായി റോഡുകള്‍ വെട്ടിപ്പൊളിച്ചുപൈപ്പിട്ടെങ്കിലും വെള്ളം അതിലൂടെ ഒഴുക്കിവിടാന്‍ കഴിഞ്ഞില്ല റോഡുകള്‍ പഴയ പടിയിലാക്കിയുമില്ല. മുന്‍ മേയര്‍ ടി.ഒമോഹനന്‍ ഒരു പാര്‍ട്ടിയുടെ പ്രതിനിധിയാണ് 'ആ പാര്‍ട്ടിക്ക് അല്‍പ്പമെങ്കിലും ധാര്‍മ്മികതയുണ്ടെങ്കില്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്ക്കണമെന്നും എം.വി ജയരാജന്‍ ആവശ്യപ്പെട്ടു.