സ്കൂട്ടറിന് പിന്നിൽ ക്രെയിൻ ഇടിച്ച് അപകടം; പിൻചക്രം കയറിയിറങ്ങി; നഴ്സിങ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം; സംഭവം മലപ്പുറത്ത്
മലപ്പുറം: സ്കൂട്ടറിന് പിന്നിൽ ക്രെയിൻ ഇടിച്ചു പിൻസീറ്റിലിരുന്ന നഴ്സിങ് വിദ്യാര്‍ഥിനി മരിച്ചു. മലപ്പുറം പെരിന്തൽമണ്ണയിലാണ് ദാരുണ സംഭവം നടന്നത്. സ്കൂട്ടര്‍ യാത്രക്കാരിയായ മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശിനി നേഹ (21) ആണ് മരിച്ചത്.
പാലക്കാട്–കോഴിക്കോട് ദേശീയപാതയിൽ പെരിന്തൽമണ്ണ ജൂബിലി ജംഗ്ഷനിൽ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം നടന്നത്. അപകടത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
സ്കൂട്ടറിന്റെ പിന്നിലിരുന്ന് സഞ്ചരിക്കുകയായിരുന്നു നേഹ. പെരിന്തൽമണ്ണ ജൂബിലി ജംഗ്ഷനിൽ നിന്ന് സ്കൂട്ടർ തിരിക്കാനായി നിൽക്കുമ്പോൾ ക്രെയിനിന്റെ മുൻചക്രം സ്കൂട്ടറിനു പിന്നിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിനു പിന്നിൽ ഇരിക്കുകയായിരുന്ന നേഹ റോഡിലേക്ക് വീണു.
ക്രെയിനിന്റെ പിൻചക്രം ശരീരത്തിലൂടെ കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്. അപകടം നടന്ന ഉടൻ തന്നെ ഗുരുതരമായി പരിക്കേറ്റ നേഹയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.