വാഹനാപകടത്തില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്ന സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മരിച്ചു: മുളക്കുഴയിലെ അപകടത്തില്‍ മരിച്ചത് തിരുവല്ല സ്റ്റേഷനിലെ മനോജ് കുമാര്‍
തിരുവല്ല: വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരുന്ന സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മരിച്ചു. വെണ്മണി പുന്തല മലയാറ്റൂര്‍ വീട്ടില്‍ മനോജ് കുമാര്‍ (46) ആണ് മരിച്ചത്. റിട്ട. പോലീസ് ഉദ്യോഗസ്ഥന്‍ ടി ജി ശിവന്റെ മകനാണ്. ഒന്നിന് രാവിലെ തിരുവല്ല പോലീസ് സ്റ്റേഷനിലേക്ക് ജോലിക്കായി ബൈക്കില്‍ പോകുമ്പോള്‍ മുളക്കുഴ ഇന്ത്യന്‍ ഓയില്‍ പമ്പിനടത്തു വച്ചുണ്ടായ അപകടത്തില്‍ പരുക്ക് പറ്റി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു വരികയായിരുന്നു. ചെങ്ങന്നൂര്‍ പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.
മൃതദേഹം നാളെ രാവിലെ 8 മുതല്‍ തിരുവല്ല പോലീസ് സ്റ്റേഷനില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം ഉച്ചയ്ക്ക് 12നു വീട്ടുവളപ്പില്‍. ഭാര്യ: ശാരി. മക്കള്‍: ശിവചന്ദന, ശിവപ്രിയ. മനോജിന്റെ അകാല വിയോഗം ജില്ലാ പോലീസ് സേനക്ക് തീരാനഷ്ടമാണെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ് പറഞ്ഞു.
കീഴ്വായ്പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ച കേസിലും കോയിപ്രം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്ന കേസിലും തിരുവല്ല സബ്ഡിവിഷനിലെ പ്രമാദമായ പോക്സോ കേസില്‍ പ്രതിയെ ഫരീദാബാദില്‍ പോയി അറസ്റ്റ് ചെയ്തതും ഉള്‍പ്പെടെ തിരുവല്ല സബ്ഡിവിഷനിലെ നിരവധി കേസുകളില്‍ അന്വേഷണത്തിലും പ്രതികളെ പിടികൂടുന്നതിലും മനോജ് വഹിച്ച പങ്ക് വിസ്മരിക്കാന്‍ കഴിയാത്തതാണ്.
ഏല്‍പ്പിക്കുന്ന ജോലികള്‍ ഉത്തരവാദിത്വത്തോടെ കാര്യക്ഷമമായി നിര്‍വഹിക്കുന്ന കാര്യത്തില്‍ മനോജ് മറ്റുള്ളവര്‍ക്ക് കൂടി മാതൃകയായിരുന്നു. കോയിപ്രം സ്റ്റേഷനതിര്‍ത്തിയിലെ മോഷണ കേസന്വേഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുമ്പോഴാണ് മനോജിന് വാഹനാപകടത്തില്‍ പരുക്കേല്‍ക്കുന്നത്. മനോജിന്റെ അകാല വിയോഗത്തില്‍ ജില്ലാപോലീസിന്റെ അനുശോചനം അറിയിക്കുന്നതായും എസ്.പി പറഞ്ഞു.