ഫേസ്ബുക്കിലൂടെ യുവതിയുമായി പരിചയത്തിലായി; പട്ടാളത്തിൽ ഇന്റലിജൻസ് ഓഫീസറാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു; വിവാഹ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടി; ഒടുവിൽ പ്രതി പിടിയിൽ
അമ്പലപ്പുഴ: വിവാഹ വാഗ്ദാനം നൽകി ചെങ്ങന്നൂർ സ്വദേശിയായ യുവതിയിൽ നിന്നും പണം തട്ടിയ പ്രതിയെ കുടുക്കിയത് പൊലീസിന്റെ സുപ്രധാന നീക്കം. മാരാരിക്കുളം തെക്ക് പഞ്ചായത്ത് എട്ടാം വാർഡിൽ പാതിരപ്പള്ളി വടക്കേ അറ്റത്ത് വീട്ടിൽ വിഷ്ണു വി ചന്ദ്രൻ (31) ആണ് പിടിയിലായത്. ആലപ്പുഴ നോർത്ത് പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. സൈനികനാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു പണം തട്ടിയത്. 9 ലക്ഷം രൂപ കൈക്കലാക്കിയെന്നാണ് പരാതി.
യുവതിയുമായി ഫേസ്ബുക്കിലൂടെയാണ് ഇയാൾ പരിചയത്തിലായത്. ശേഷം പട്ടാളത്തിൽ ഇന്റലിജൻസ് ഓഫീസർ ആണെന്ന് പറഞ്ഞ് ഇയാൾ യുവതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. തുടർന്ന് വിവാഹ വാഗ്ദാനം നൽകി പലതവണയായി 9 ലക്ഷം രൂപ യുവതിയിൽ നിന്നും പ്രതി കൈകലാക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്ന് വരികെയാണ്. ഇത്തരത്തിൽ സമാന രീതിയിലുള്ള കുറ്റകൃത്യങ്ങൾ പ്രതി ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്ന് ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷൻ ഐ എസ് എച്ച് ഒ രാജേഷ് എം കെ അറിയിച്ചു.