സ്പീഡ് ബോട്ട് മറിഞ്ഞ് അപകടം; രണ്ട് കുട്ടികൾ അടക്കം അഞ്ചുപേരെ രക്ഷപ്പെടുത്തി ലൈഫ് ഗാർഡുകൾ; സംഭവം കോവളത്ത്
By : സ്വന്തം ലേഖകൻ
Update: 2025-11-09 17:22 GMT
തിരുവനന്തപുരം: കോവളത്ത് സ്പീഡ് ബോട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ചുപേരെ രക്ഷപ്പെടുത്തി ലൈഫ് ഗാർഡുകൾ. അപകടത്തിൽ ഒരാൾക്ക് കാലിന് പരിക്കേറ്റു. സേലം സ്വദേശികളായ സുരേഷ്, മോഹൻ, തമിഴ്ശെൽവി, ഏഴു വയസുകാരി ധന്യ ശ്രീ, ശരൺ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
ബോട്ട് കടലിൽ ഇറക്കിയ സമയത്ത് ബോട്ടിന്‍റെ എഞ്ചിൻഭാഗം മണ്ണിൽ ഇടിച്ച് ചരിയുകയായിരുന്നു. ഈ സമയത്ത് ഉണ്ടായ ശക്തമായ തിരയിൽ ബോട്ട് കമഴ്ന്ന് യാത്രക്കാർ കടലിൽ വീണു. സംഭവ സ്ഥലത്തുണ്ടായിരുന്ന ലൈഫ് ഗാർഡുകൾ ഓടിയെത്തിയാണ് സഞ്ചാരികളെ രക്ഷപ്പെടുത്തി കരയിൽ എത്തിച്ചത്.