'സീനിയേഴ്സിനെ ബഹുമാനിച്ചില്ലെന്നു പറഞ്ഞ് നിലത്തിട്ട് ചവിട്ടി'; എസ്എഫ്ഐ നേതാവും സംഘവും പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി
പത്തനംതിട്ട: എസ്എഫ്ഐ പ്രവര്‍ത്തകനെ എസ്എഫ്ഐ നേതാവിന്റെ നേതൃത്വത്തില്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചെന്ന് പരാതി. കോന്നി എന്‍എസ്എസ് കോളേജിലാണ് സംഭവം. ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയും എസ്എഫ്ഐ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയുമായ സോനു സുനിലിനാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം നടന്നത്. കോളേജിലെ സീനിയര്‍ വിദ്യാര്‍ത്ഥിയും എസ്എഫ്ഐയുടെ യൂണിറ്റ് സെക്രട്ടറിയുമായ ഫിര്‍ദൗസും സീനിയര്‍ വിദ്യാര്‍ത്ഥിയായ അഭിയാനും ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്നാണ് സോനു പറയുന്നത്.
സീനിയേഴ്സിനെ ബഹുമാനിച്ചില്ലെന്നുപറഞ്ഞായിരുന്നു മര്‍ദ്ദനം. ഇരുപതിലധികം പേര്‍ നിലത്തിട്ട് ചവിട്ടുകയായിരുവെന്ന് സോനു പറയുന്നു. തലയ്ക്കും കൈകള്‍ക്കും പരിക്കേറ്റു. കോളേജില്‍ റാഗിംഗ് പതിവായിരുന്നുവെന്നും വിദ്യാര്‍ത്ഥിയുടെ പരാതിയിലുണ്ട്. സംഭവത്തില്‍ കോളേജ് അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നു. സംഭവം അറിഞ്ഞിട്ടില്ലെന്നാണ് മാനേജ്മെന്റിന്റെ പ്രതികരണമെന്നും കുടുംബം പറഞ്ഞു.
സോനുവിന്റെ കയ്യുടെ ലിഗമെന്റിന് പൊട്ടലുണ്ട്. സംഭവത്തില്‍ കുടുംബം പത്തനംതിട്ട എസ്പിക്ക് പരാതി നല്‍കിയിരുന്നു. ഫിര്‍ദൗസ്, അഭിയാന്‍ എന്നിവരെ പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.