റോഡ് മുറിച്ചുകടക്കുന്നതിനിടെ ഒരു അസാധാരണ തിളക്കം ശ്രദ്ധിച്ചു; തിരിഞ്ഞും പിരിഞ്ഞും നോക്കാതെ കയ്യിലെടുത്ത് നേരെ വിട്ടത് പോലീസ് സ്റ്റേഷനിലേക്ക്; നാടിന് മാതൃകയായി ഒരു അച്ഛനും മകളും

Update: 2025-11-10 02:38 GMT

പാലക്കാട്: വഴിയരികിൽ നിന്ന് കളഞ്ഞു കിട്ടിയ ഒന്നര പവൻ തൂക്കമുള്ള സ്വർണ്ണമാല സത്യസന്ധതയോടെ പൊലീസിൽ ഏൽപ്പിച്ച് മാതൃകയായിരിക്കുകയാണ് വാണിയംകുളം സ്വദേശികളായ അച്ഛനും മകളും. കെ.ജി. രഘുപതിയും മകൾ രവീണയുമാണ് ഏവരുടെയും അഭിനന്ദനം നേടുന്നത്. ഞായറാഴ്ച രാവിലെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോകവെയാണ് ഇവർക്ക് റോഡരികിൽ കിടന്ന സ്വർണ്ണമാല കണ്ടെത്താനായത്.

റോഡരികിൽ വാഹനം പാർക്ക് ചെയ്ത് ആശുപത്രിയിലേക്ക് നടക്കുമ്പോഴാണ് രഘുപതിയുടെ മകൾ രവീണയുടെ ശ്രദ്ധയിൽ മാലപ്പെട്ടത്. സമീപത്തെ കടകളിലും ഓട്ടോ സ്റ്റാൻഡുകളിലും അന്വേഷിച്ചെങ്കിലും ഉടമയെ കണ്ടെത്താനായില്ല. തുടർന്ന് ഇരുവരും സംശയ നിവാരണത്തിനായി ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിലെത്തി മാല ഏൽപ്പിക്കുകയായിരുന്നു.

ഏതാണ്ട് മൂന്ന് നാല് മണിക്കൂറുകൾക്ക് ശേഷം ഷൊർണൂർ മുണ്ടായ സ്വദേശിനിയായ പ്രീത എന്ന 39 കാരി മാല നഷ്ടപ്പെട്ടതായി സ്റ്റേഷനിൽ പരാതിയുമായെത്തി. പൊലീസ് നടത്തിയ അന്വേഷണത്തിൽ സ്റ്റേഷനിൽ ലഭിച്ച മാല പ്രീതയുടേതാണെന്ന് സ്ഥിരീകരിക്കുകയും, മാല ഏൽപ്പിച്ച രഘുപതിയെയും രവീണയെയും വിവരം അറിയിക്കുകയും ചെയ്തു.

തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തിയ രഘുപതിയും രവീണയും ചേർന്ന് യഥാർത്ഥ ഉടമയായ പ്രീതയ്ക്ക് സ്വർണ്ണമാല തിരികെ നൽകി. ആശുപത്രിയിൽ സ്കാനിങ്ങിന് വന്നപ്പോൾ കഴുത്തിലെ കൊളുത്ത് മുറുകിയിരിക്കാൻ സാധ്യതയുണ്ടെന്നും അതുകൊണ്ടാവാം മാല ഊരിപ്പോയതെന്നും പ്രീത പറഞ്ഞു. എസ്.ഐ. വിനോദ് ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ രഘുപതിയുടെയും രവീണയുടെയും സത്യസന്ധമായ പ്രവർത്തികളെ അഭിനന്ദിച്ചു. 

Tags:    

Similar News