തലശേരിയില്‍ വന്‍ കഞ്ചാവ് വേട്ട; അഞ്ചേകാല്‍ കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശിയെ എക്‌സൈസ് പിടികൂടി
തലശേരിയില്‍ വന്‍ കഞ്ചാവ് വേട്ട
കണ്ണൂര്‍: തലശേരി നഗരത്തിലെ കുയ്യാലിയില്‍ നടന്നത് വന്‍ കഞ്ചാവ് വേട്ട. 5.025 കിലോഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് എക്‌സൈസിന്റെ പിടിയിലായി. തലശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുബിന്‍രാജിന്റെ നേതൃത്വത്തിലാണ് പശ്ചിമ ബംഗാള്‍ സ്വദേശി രാജീബ് ദാസിനെ കഞ്ചാവുമായി കുയ്യാലി റെയില്‍വേ ഗേറ്റ് പരിസരത്ത് നിന്നും പിടികൂടിയത്.
എക്‌സൈസ്‌കമ്മീഷണര്‍ സക്വാഡംഗങ്ങളായ ജലീഷ് പി ,ബിനീഷ് കെ എന്നിവര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത് ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ ചെറു പൊതികളാക്കി കഞ്ചാവ് കച്ചവടം നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് എക്‌സൈസ് പറഞ്ഞു. തലശേരി ഭാഗത്ത് കഞ്ചാവ് വ്യാപകമായി വില്‍പ്പന ചെയ്യുന്ന ഇയാളെ കണ്ണൂര്‍ സിറ്റി പൊലിസ് കമ്മീഷണര്‍ സ്‌ക്വാഡായ ഡാന്‍സെഫ് രഹസ്യ നിരീക്ഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് വന്‍ കഞ്ചാവ് ശേഖരവുമായി തിങ്കളാഴ്ച്ച രാത്രി ഇയാള്‍ എക്‌സൈസ് പിടിയിലായത്. ലഹരി കടത്ത് നിരിക്ഷിക്കുന്നതിനായി കേരള ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് , കേരള എക്‌സൈസിന്റെ സൈബര്‍ വിംഗിന്റെയും സഹായവും ലഭിച്ചിരുന്നു.
കഞ്ചാവും മറ്റു മയക്കുമരുന്നുകളും ഇതര സംസ്ഥാന തൊഴിലാളികള്‍ വഴി വ്യാപകമായി എത്തിച്ച് ഉപയോഗവും ,കച്ചവടവും വ്യാപകമായതിനാല്‍ കര്‍ശന പരിശോധനയാണ് എക്‌സൈസ് നടത്തി വരുന്നത്. തലശ്ശേരി റേഞ്ചിലെ അസി:എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) ഷിബു കെ.സി, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) എം കെ സുമേഷ് , പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ് )ഡ്രൈവര്‍ എം സുരാജ് , വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ ശില്പ , കമ്മീഷണര്‍ സ്‌ക്വാഡ് അംഗങ്ങളായ പി ജലീഷ് ,കെ ബിനീഷ് , എം കെ പ്രസന്ന , സിവില്‍ എക്‌സൈസ് ഓഫീസര്‍ വി അഖില്‍, എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.
പ്രതിയെ തലശേരി ജെ.എഫ്.സി. എം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരെയുള്ള . തുടര്‍ നടപടികള്‍ വടകര എന്‍.ഡി.പി.എസ് കോടതിയില്‍ നടക്കുമെന്ന് എക്‌സൈസ് അറിയിച്ചു. കഴിഞ്ഞ ദിവസം കൂത്തുപറമ്പ്, അഞ്ചരക്കണ്ടി, മട്ടന്നൂര്‍ എന്നിവടങ്ങളില്‍ നിന്നും കഞ്ചാവും രാസലഹരിയും പിടികൂടിയിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് കഞ്ചാവ് ഒഡീഷ, മംഗ്‌ളൂര് ,ആസാം, ഛത്തീസ്ഗഡ് എന്നിവടങ്ങളില്‍ നിന്നും കൂടുതലെത്തുന്നത്. ട്രെയിന്‍ മാര്‍ഗമാണ് ഇതരസംസ്ഥാന തൊഴിലാളികളെ മറയാക്കി കഞ്ചാവ് എത്തിക്കുന്നത്. കാരിയര്‍മാരാണ് പലപ്പോഴും പിടിയിലാകുന്നത്.
