757.455 കിലോ കഞ്ചാവ് കടത്തിയ കേസ്: പ്രതികള്‍ക്ക് 15 വര്‍ഷം കഠിനതടവും 1,50,000 രൂപ പിഴയും ശിക്ഷ

Update: 2025-04-04 12:15 GMT

പാലക്കാട് വില്‍പ്പനയ്ക്കായി 757.455 കിലോ കഞ്ചാവ് കടത്തിയ കേസിലെ മൂന്ന് പ്രതികള്‍ക്ക് 15 വര്‍ഷം കഠിനതടവും 1,50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശികളായ എപ്പിക്കാട് തയ്യില്‍ വീട്ടില്‍ ബാദുഷ (30), എടപ്പറ്റ അമ്പായപ്പറമ്പില്‍ വാകയില്‍ മുഹമ്മദ് ഫായിസ് (25), ഇടുക്കി ഉടുമ്പഞ്ചോല നരിയമ്പാറ വരകമലയില്‍ ജിഷ്ണു ബിജു (28) എന്നിവരെയാണ്

ജില്ലാ മൂന്നാം സെഷന്‍സ് കോടതി ജഡ്ജി കെ പി തങ്കച്ചന്‍ ശിക്ഷിച്ചത്. കേസിലെ മറ്റൊരു പ്രതിയായ സതീഷിന്റെ (ഉണ്ണി - 32 ) വിചാരണ തുടരുന്നു. 2021 ഏപ്രില്‍ 22നാണ് കേസിനാസ്പദമായ സംഭവം. രഹസ്യവിവരത്തെ തുടര്‍ന്ന് വാളയാര്‍ അതിര്‍ത്തിയില്‍ വാഹന പരിശോധ നടത്തവേ ആന്ധ്രപ്രദേശിലെ നരസിംപട്ടണത്തില്‍നിന്ന് 328 പാക്കറ്റുകളിലായി 757.455 കിലോ കഞ്ചാവുമായി വന്ന ടോറസ് ലോറി പിടികൂടുകയായിരുന്നു. രഹസ്യ അറകളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

വാഹനത്തില്‍ ഉണ്ടായിരുന്ന മൂന്നുപേരെ അപ്പോള്‍തന്നെ അറസ്റ്റ് ചെയ്തു. എന്നാല്‍ കടത്തിന്റെ ആസൂത്രകന്‍ തിരുവനന്തപുരം, കാട്ടാക്കട പന്നയംകോട് പാറവിളക്കത്ത് സതീഷ് പിന്നീടാണ് അറസ്റ്റിലായത്. കേസില്‍ ജാമ്യത്തിലിറങ്ങിയ ഒന്നാം പ്രതി ബാദുഷ സമാന കുറ്റകൃത്യത്തിനും വിദേശമദ്യം കടത്തിയതിനും വീണ്ടും അറസ്റ്റിലായിരുന്നു.

പാലക്കാട് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി കെ സതീഷ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രോസിക്യൂഷനുവേണ്ടി- പബ്ലിക് പ്രോസിക്യൂട്ടര്‍ പി അനിലും എന്‍ഡിപിഎസ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ശ്രീനാഥ് വേണുവും അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ് സിദ്ധാര്‍ഥനും ഹാജരായി.

Tags:    

Similar News