എംഡിഎംഎ വാങ്ങാന്‍ പണം നല്‍കിയില്ല; മലപ്പുറം താനൂരില്‍ മാതാപിതാക്കളെ മണ്‍വെട്ടികൊണ്ട് ആക്രമിച്ചു യുവാവ്

എംഡിഎംഎ വാങ്ങാന്‍ പണം നല്‍കിയില്ല

Update: 2025-03-27 06:22 GMT

മലപ്പുറം: താനൂരില്‍ എംഡിഎംഎക്ക് പണം നല്‍കാത്തതില്‍ യുവാവ് മാതാപിതാക്കളെ ആക്രമിച്ചു. 29 കാരനായ യുവാവാണ് അക്രമാസ്‌ക്തനായത്. ഇയാളെ ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റി. നാട്ടുകാര്‍ കൈകാലുകള്‍ കെട്ടിയാണ് യുവാവിന്റെ പരാക്രമം അവസാനിപ്പിച്ചത്. പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കാത്തതിനെതുടര്‍ന്ന് പിതാവിനെ മണ്‍വെട്ടികൊണ്ട് ആക്രമിക്കുകയായിരുന്നു.

തടയാന്‍ വന്ന മാതാവിനെയും ആക്രമിച്ചു.ബഹളം കേട്ടെത്തിയ നാട്ടുകാരാണ് യുവാവിനെ പിടിച്ചു കെട്ടിയത്. എന്നാല്‍ ലഹരി തന്റെ ജീവിതം നശിപ്പിച്ചെന്ന് യുവാവ് ഡീ അഡിക്ഷന്‍ സെന്‍ഡറിലേക്ക് പോകുന്ന വഴി പറഞ്ഞു.തനിക്ക് കുറച്ച് കാര്യങ്ങള്‍ പറയാനുണ്ടെന്നും അത് വീഡിയോ ആയി ചിത്രീകരിച്ച് പുറത്ത് വിടണമെന്നും യുവാവ് തന്നെയാണ് ആവശ്യപ്പെട്ടത്.

കൊച്ചിയില്‍ ജോലി ചെയ്യുന്ന സമയത്ത് സുഹൃത്ത് വഴിയാണ് മയക്കുമരുന്ന് ഉപയോഗം തുടങ്ങുന്നത്. പിന്നീട് അതിന് അടിമയാകുകയായിരുന്നു. ലഹരിയില്‍ നിന്ന് പുറത്ത് വരാന്‍ നിരവധി തവണ ശ്രമിച്ചിട്ടും സാധിച്ചില്ലെന്നും യുവാവ് പറയുന്നു.ജീവിതത്തിലേക്ക് തിരിച്ചുവരണമെന്നും പുതിയ തലമുറയിലെ കുട്ടികള്‍ ലഹരി ഉപയോഗിക്കരുതെന്നും യുവാവ് വീഡിയോയില്‍ പറയുന്നുണ്ട്.

Tags:    

Similar News