അറിവിന്റെ അവസാനിക്കാത്ത കടല്‍; എംജിഎസിന്റെ നിര്യാണത്തോടെ നഷ്ടപ്പെട്ടത് കേരളം കണ്ട ഏറ്റവും പ്രഗത്ഭനായ ചരിത്ര ഗവേഷകനെ; അനുശോചിച്ച് രമേശ് ചെന്നിത്തല

Update: 2025-04-26 08:42 GMT

തിരുവനന്തപുരം: എംജിഎസിന്റെ നിര്യാണത്തോടെ നഷ്ടപ്പെട്ടത് കേരളം കണ്ട ഏറ്റവും പ്രഗത്ഭനായ ചരിത്ര ഗവേഷകനെ മാത്രമല്ല, ആത്മബന്ധുവിനെ കൂടിയാണ് എന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല അനുസ്മരിച്ചു.എന്നും അദ്ദേഹത്തിന്റെ ചരിത്രവിദ്യാര്‍ഥിയായിരുന്നു എന്നു പറയുന്നതില്‍ അഭിമാനം മാത്രമേയുള്ളു. കെപിസിസി പ്രസിഡന്റായിരുന്നപ്പോള്‍ സംഘടിപ്പിച്ച ചരിത്ര കോണ്‍ഗ്രസ് സെമിനാറിന്റെ ചെയര്‍മാന്‍ സ്ഥാനത്തേക്കു മറ്റൊരാളെ ആലോചിക്കുക പോലും വേണ്ടി വന്നില്ല. സുഖമില്ലാതെ കിടന്നപ്പോള്‍ അടുത്ത കാലത്ത് മൂന്നു തവണ അദ്ദേഹത്തെ വസതിയില്‍ സന്ദര്‍ശിച്ചു. കിടക്കയില്‍ വെച്ചു തന്നെ അദ്ദേഹത്തിന്റെ പുതിയ പുസ്തകം തന്നു. കേരളത്തിന്റെ മധ്യകാല ചരിത്രത്തെ വിശകലനം ചെയ്ത എംജിഎസ് നാരായണന്‍ അന്നുവരെ അജ്ഞാതമായിരുന്ന പല വസ്തുതകളും പുറത്തു കൊണ്ടുന്നവന്നു. ചേരരാജാക്കന്മാരെ കുറിച്ച് അദ്ദേഹം നടത്തിയ ആധികാരിക പഠനം ലോകശ്രദ്ധയാകര്‍ഷിച്ചു. അന്തരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റിയ നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

പഴയലിപികളും ഭാഷകളിലും എം.ജി.എസ് പ്രാവീണ്യം നേടി. പുരാലേഖ്യങ്ങളും തമിഴ്-സംസ്‌കൃത ഗ്രന്ഥങ്ങളും പുരാവസ്തു പഠനങ്ങളും ആധാരമാക്കി എ.ഡി ഒമ്പതു മുതല്‍ പന്ത്രണ്ടുവരെയുള്ള നൂറ്റാണ്ടുകളില്‍ കേരളത്തിലെ സാമൂഹിക-രാഷ്ട്രീയ ചരിത്രത്തെ അധികരിച്ച് തയ്യാറാക്കിയ Perumals of Kerala എന്ന പിഎച്ച് ഡി ഗവേഷണപ്രബന്ധം ഇരുപത് വര്‍ഷത്തിനു ശേഷം പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചു. കേരളചരിത്രം, തമിഴകചരിത്രം, പ്രാചീന ഭാരതീയചരിത്രം, ചരിത്രരചനാ പദ്ധതി എന്നീ മേഖലകളിലായിരുന്നു എംജിഎസ് പ്രധാനമായും ശ്രദ്ധ പതിപ്പിച്ചിരുന്നത്. കേരള സര്‍വകലാശാലയുടെ കോഴിക്കോട് പഠനകേന്ദ്രത്തില്‍ ചരിത്രവിഭാഗം അധ്യാപകനായിരുന്ന എംജിഎസ് പിന്നീട് കലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ചരിത്രവിഭാഗം അധ്യക്ഷനായി. പ്രൊഫസര്‍, ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍, ഫാക്കല്‍റ്റി ഡീന്‍ തുടങ്ങിയ നിലകളില്‍ സേവനമനുഷ്ഠിച്ചു. 1976 മുതല്‍ ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു വിവിധ ചുമതലകള്‍ വഹിച്ചു. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചുമായി സഹകരിച്ച് അനവധി ചരിത്രപ്രാധാന്യമുള്ള പ്രൊജക്ടുകള്‍ക്ക് നേതൃത്വം വഹിച്ചു. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള നിരവധി യൂണിവേഴ്സിറ്റികളില്‍ വിസിറ്റിങ് പ്രൊഫസറായി സേവനമനുഷ്ഠിച്ചിരുന്നു.

19-20 നൂറ്റാണ്ടുകള്‍ മുതല്‍ ആധുനിക കേരളത്തിന്റെയും ഇന്ത്യയുടെയും രാഷ്ട്രീയവും സാംസ്‌കാരികവുമായ സാമൂഹിക ജീവിതം രേഖപ്പെടുത്തിയ 'ജാലകങ്ങള്‍'ക്ക് 2019-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. മലബാറിനെപ്പറ്റി വില്യം ലോഗന്റെ കാലശേഷമുള്ള പഠനങ്ങള്‍ ഉള്‍പ്പെടുത്തി മലബാര്‍ എന്ന പേരില്‍ പു്സ്തകമെഴുതി. അറിവിന്റെ അവസാനിക്കാത്ത കടലായിരുന്നു അദ്ദേഹം - രമേശ് ചെന്നിത്തല അനുസ്മരിച്ചു.

Similar News