സാനിട്ടറി ഷോപ്പില്‍ കയറി മോഷ്ടിച്ചു; മോഷണ മുതല്‍ കൊണ്ടു പോകാന്‍ തൊട്ടടുത്തിരുന്ന സ്‌കൂട്ടറും മോഷ്ടിച്ചു; കറക്കത്തിനിടയില്‍ പോലീസിന്റെ മുന്നില്‍പ്പെട്ടു; മൊട്ടബിനുവിനെ ഓടിച്ചിട്ട് പിടിച്ച് ആറന്മുള പോലീസ്

മൊട്ടബിനുവിനെ ഓടിച്ചിട്ട് പിടിച്ച് ആറന്മുള പോലീസ്

Update: 2025-10-15 17:02 GMT

പത്തനംതിട്ട: കോഴഞ്ചേരി തെക്കേമലയില്‍ സാനിട്ടറി ഷോപ്പില്‍ നിന്ന് മോഷ്ടിച്ച സാധനങ്ങളുമായി സ്‌കൂട്ടറും മോഷ്ടിച്ച് കടന്ന മോഷ്ടാവിനെ ആറന്മുള പോലീസ് ഓടിച്ചിട്ട് പിടികൂടി. ചങ്ങനാശേരി കുറിച്ചി തിരുവാതിര ഭവനില്‍ മൊട്ട ബിനു എന്നു വിളിക്കുന്ന ബിനു (42)വാണ് എരുമേലി മുക്കടയ്ക്ക് സമീപത്തു നിന്നും ആറന്മുള പോലീസിന്റെ പിടിയിലായത്.

തെക്കേമല പി.ഐ.പി ക്വാര്‍ട്ടേഴ്സിനു മുന്‍വശത്തു വെച്ചിരുന്ന സ്‌കൂട്ടറും തൊട്ടുത്ത് പ്രവര്‍ത്തിക്കുന്ന സാനിട്ടറി ഷോപ്പില്‍ നിന്ന് പൈപ്പ് ഫിറ്റിങ്സുകളും മോഷ്ടിക്കുകയായിരുന്നു. രണ്ടു കടമുറിയുടെ ഷട്ടറുകളുടെ പൂട്ട് പൊട്ടിച്ചു മൂന്ന് ലക്ഷത്തോളം വില വരുന്ന സാനിറ്ററി ഫിറ്റിങ്സാണ് മോഷ്ടിച്ചത്.

ഉടമയുടെ പിതാവ് മരിച്ചു പോയതിനാല്‍ കട തുറന്നു പ്രവര്‍ത്തിക്കാതിരുന്ന സമയത്താണ് മോഷണം നടന്നത്. പ്രതിയെ കണ്ടെത്തുന്നതിന് വേണ്ടി ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദിന്റെ നിര്‍ദേശാനുസരണം സ്‌ക്വാഡ് രൂപീകരിച്ചു അന്വേഷണം നടത്തി വരികയായിരുന്നു.

പോലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എരുമേലി മുക്കടയില്‍ മോഷണം പോയ സ്‌കൂട്ടര്‍ കണ്ടെത്തി. സ്‌കൂട്ടറിനടുത്തേക്ക് പോലീസ് വരുന്നത് കണ്ട പ്രതി വാഹനവുമായി കടക്കാന്‍ ശ്രമിച്ചു.

സ്‌കൂട്ടര്‍ സ്റ്റാര്‍ട്ടാകാതെ വന്നതിനെ തുടര്‍ന്ന് ഉപേക്ഷിച്ച് കടന്നു കളഞ്ഞു. എസ്.ഐ വിഷ്ണുവിന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘം പ്രതിയെ പിന്തുടര്‍ന്ന് ഓടിച്ചിട്ടു പിടികൂടുകയുമായിരുന്നു. എസ്.ഐ. ശിവപ്രസാദ്, എ.എസ്.ഐ ദിലീപ്, ഡിവൈ.എസ്.പിയുടെ സ്‌ക്വാഡിലുള്ള സി.പി.ഓമാരായ സുമന്‍, രാഹുല്‍, ആറന്മുള പോലീസ് സ്റ്റേഷനിലെ സി.പി.ഓമാരായ വിഷ്ണു, ജിഷ്ണു എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതി മുമ്പും നിരവധി മോഷണ കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. നിലവില്‍ ആറന്മുള, പത്തനംതിട്ട, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ കേസില്‍ പ്രതിയാണ്.

Tags:    

Similar News