വിവാഹ അഭ്യർത്ഥന നിരസിച്ചു; വീട്ടമ്മയെ കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ; സംഭവം കോഴിക്കോട് അത്തോളിയിൽ

Update: 2024-11-16 12:30 GMT

കോഴിക്കോട്: കോഴിക്കോട് അത്തോളിയിൽ വീട്ടമ്മയെ കൊല്ലാൻ ശ്രമിച്ച കേസിൽ രഹസ്യ വിവരത്തെ തുടർന്ന് പ്രതിയെ പോലീസ് പിടികൂടി. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെ തുടർന്നാണ് ഇയാൾ വീട്ടമ്മയെ കൊല്ലാൻ ശ്രമിച്ചത്. കേസുമായി ബന്ധപ്പെട്ട് വി. മഷൂദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് അത്തോളി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അസ്വഭാവികമായി ഒരാൾ കുനിയിൽ കടവ് റോഡ്, ടർഫിന് സമീപം നിൽക്കുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്ത് എത്തിയത്. ശേഷം പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തുടർന്ന് ഇന്ന് രാവിലെ പരാതിക്കാരിയായ വീട്ടമ്മ പിടിയിലായ മഷൂദിനെ തിരിച്ചറിഞ്ഞു. പ്രതിയുടെ ഫോട്ടോ കാണിച്ചാണ് കുറ്റക്രത്യം നടത്തിയത് ഇയാളാണെന്ന് പോലീസ് ഉറപ്പ് വരുത്തിയത്. തുടര്‍ന്ന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സംഭവം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.

വ്യാഴാഴ്ച വൈകീട്ട് 7.30 ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിവാഹ അഭ്യർത്ഥന നിരസിച്ചതിന്റെ പ്രതികാരമായാണ് ഇയാൾ പരാതിക്കാരിയെ ആക്രമിച്ചത്. ബ്ലേഡ് കൊണ്ടാണ് മുറിവേൽപ്പിച്ചതെന്ന് പ്രതി പോലീസിന് മൊഴി നൽകി. കൃത്യം നടത്തിയ സ്ഥലത്ത് നിന്നും 50 മീറ്റർ അകലെ റോഡിൽ നിന്ന് ബ്ലെയ്‌ഡ് കണ്ടെത്തി.

Tags:    

Similar News