'ഉത്തരം താങ്ങി നിര്‍ത്തുന്നത് താനാണെന്ന് കരുതുന്ന പല്ലി; കെട്ടിടം വീഴ്ത്താന്‍ ഉത്തരത്തില്‍ നിന്ന് കൈവിട്ട പല്ലികളൊക്കെ താഴെ വീണതാണ് 'ചരിത്രം'; അന്‍വറിന് മറുപടിയുമായി ഡിവൈഎഫ്‌ഐ
കെട്ടിടത്തിന്റെ ബലം ഈ മണ്ണില്‍ കെട്ടിയ അടിത്തറയാണ്. ഉത്തരത്തിലെ പല്ലികളല്ല'
കണ്ണൂര്‍: നിലമ്പൂര്‍ എം എല്‍ എ പിവി അന്‍വര്‍ മുഖ്യമന്ത്രിക്കെതിരെ നടത്തിയ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഡി വൈ എഫ് ഐ രംഗത്ത്. 'ഉത്തരം താങ്ങി നിര്‍ത്തുന്നത് താനാണെന്ന് കരുതുന്ന പല്ലി'യോട് അന്‍വറിനെ ഉപമിച്ച് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് തന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്. ഇത്തരം കുറേ പല്ലികളെ നമ്മള്‍ കണ്ടിട്ടുണ്ടെന്നും കെട്ടിടം വീഴ്ത്താന്‍ ഉത്തരത്തില്‍ നിന്ന് കൈവിട്ട പല്ലികളൊക്കെ താഴെ വീണതാണ് 'ചരിത്രം' എന്നാണ് സനോജിന്റെ ഓര്‍മ്മപ്പെടുത്തല്‍.
വി കെ സനോജിന്റെ കുറിപ്പ് ഇപ്രകാരം
'താന്‍ താങ്ങി നിര്‍ത്തുന്നത് കൊണ്ടാണ് ഉത്തരം ഇങ്ങനെ നില്‍ക്കുന്നതെന്ന തോന്നല്‍ ചില പല്ലികള്‍ക്കുണ്ടാകാം. താന്‍ കൈവിട്ടാല്‍ ഉത്തരം താഴെവീഴുമെന്ന് ആ പല്ലി കരുതിയേക്കാം. ഇത്തരം കുറേ പല്ലികളെ നമ്മള്‍ കണ്ടിട്ടുണ്ട്. കെട്ടിടം വീഴ്ത്താന്‍ ഉത്തരത്തില്‍ നിന്ന് കൈവിട്ട പല്ലികളൊക്കെ താഴെ വീണതാണ് ചരിത്രം. ഉത്തരം അന്നുമിന്നും ഇവിടെയുണ്ട്. നാളെയും അതിങ്ങനെ ഉയര്‍ന്നു നില്‍ക്കും. കെട്ടിടത്തിന്റെ ബലം ഈ മണ്ണില്‍ കെട്ടിയ അടിത്തറയാണ്. ഉത്തരത്തിലെ പല്ലികളല്ല'.
അതിനിടെ പി വി അന്‍വര്‍ എം എല്‍ എ പാര്‍ട്ടി ശത്രുക്കള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് കരുതേണ്ടി വരുമെന്ന പ്രതികരണവുമായി എല്‍ ഡി എഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി കൂടുതല്‍ ശോഭയോടെ ജ്വലിച്ചു നില്‍ക്കുകയാണെന്നും ആര്‍ക്കും അത് കെടുത്താനാകില്ലെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു. മുഖ്യമന്ത്രി കൂടുതല്‍ ശോഭയോടെ ജ്വലിച്ചു നില്‍ക്കുന്നു. ജനങ്ങള്‍ നല്‍കിയ സൂര്യശോഭയാണ്. അന്‍വറിന്റെ ഈ വര്‍ത്തമാനം കൊണ്ട് അത് കെടുത്താനാവില്ലെന്നും രാമകൃഷ്ണന്‍ പറഞ്ഞു.
അന്‍വര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അത് പൂര്‍ത്തിയാകും മുമ്പ് ഏതെങ്കിലും ആക്ഷേപം പരസ്യമായി ഉന്നയിക്കുന്നത് ശരിയല്ല. മുഖ്യമന്ത്രി വ്യക്തമാക്കിയത് പാര്‍ട്ടി നിലപാടാണ്. മുഖ്യമന്ത്രി സി പി എമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗമാണ്. അന്‍വര്‍ ശത്രുക്കളുടെ കയ്യില്‍ കളിക്കുകയാണ്. അന്‍വറിന്റെ ചെയ്തികള്‍ തെറ്റാണ്. മുഖ്യമന്ത്രി ജനങ്ങളില്‍ നിന്നും നേടിയ അംഗീകാരമാണ്. ജനങ്ങള്‍ നല്‍കിയിട്ടുള്ള സൂര്യതേജസാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ തേജസ് കൃത്രിമമായി നിര്‍മ്മിച്ചതല്ല. മുഖ്യമന്ത്രി ചതിച്ചു എന്നത് അടിസ്ഥാനരഹിതമാണെന്നും എല്‍ ഡി എഫ് കണ്‍വീനര്‍ കൂട്ടിച്ചേര്‍ത്തു.