യുവാക്കള്‍ ബൈക്കില്‍ കഞ്ചാവുമായി വരുന്നെന്ന രഹസ്യ വിവരം; രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ബൈക്ക് മറിഞ്ഞു; പിന്തുടര്‍ന്ന് പിടികൂടി പോലീസ്

ഒന്നരക്കിലോ കഞ്ചാവുമായി ബൈക്ക് റേസ്; പോലീസ് പിടികൂടി

Update: 2024-09-28 12:04 GMT

അടൂര്‍: ഒന്നര കിലോയോളം കഞ്ചാവ് മോട്ടോര്‍ സൈക്കിളില്‍ കടത്തിക്കൊണ്ടുവരവേ യുവാവ് പോലീസിന്റെ പിടിയിലായി. പത്തനംതിട്ട മുണ്ടുകോട്ടക്കല്‍ കാഞ്ഞിരവിള പുത്തന്‍വീട്ടില്‍ ജോയി(23)യെയാണ് പഴകുളം മേട്ടുംപുറത്തുവച്ച് ലോക്കല്‍ പോലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് സാഹസികമായി പിന്തുടര്‍ന്ന് പിടികൂടിയത്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന ഇലന്തൂര്‍ സ്വദേശി രഞ്ജിത്ത് രക്ഷപ്പെട്ടു. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിര്‍ദേശപ്രകാരം ജില്ലയിലെ മയക്കുമരുന്നു ലോബിക്കെതിരെ സ്വീകരിച്ചുവരുന്ന നിയമനടപടിയുടെ ഭാഗമായി നടന്ന റെയ്ഡിനിടെയാണ് യുവാവ് കുടുങ്ങിയത്.

ജില്ലാ നാര്‍ക്കോട്ടിക് സെല്‍ ഡി വൈ.എസ്.പി ജെ. ഉമേഷ് കുമാറിന്റെയും ലോക്കല്‍ ഡിവൈ.എസ്.പി ജി. സന്തോഷ് കുമാറിന്റെയും മേല്‍നോട്ടത്തില്‍ ഡാന്‍സാഫ് സംഘവും പോലീസും സംയുക്തമായി നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് പ്രതി കുടുങ്ങിയത്. ബൈക്ക് ഓടിച്ച രഞ്ജിത്ത് പോലീസിനെ വെട്ടിച്ച് കടന്നു. പഴകുളം മേട്ടുംപുറത്തു വാഹനപരിശോധന നടത്തിവരവേ കെ.പി റോഡിലേക്ക് യുവാക്കള്‍ ബൈക്കില്‍ കഞ്ചാവുമായി വരുന്ന രഹസ്യ വിവരം ലഭിക്കുന്നത്.

വാഹനപരിശോധന കര്‍ശനമാക്കിയ പോലീസിന്റെ മുന്നില്‍പ്പെട്ട യുവാക്കള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ബൈക്ക് മറിയുകയും ഓടിച്ച രഞ്ജിത്ത് രക്ഷപ്പെടുകയുമായിരുന്നു. ബൈക്കിനുപിന്നില്‍ യാത്ര ചെയ്തു വന്ന ജോയി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് ഓടിച്ചിട്ട് പിടികൂടി. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ കൂടെ ഉണ്ടായിരുന്നത് സുഹൃത്ത് ഇലന്തൂരുള്ള രഞ്ജിത്ത് ആണെന്ന് വെളിപ്പെടുത്തി.

ജോയിയുടെ കയ്യിലിരുന്ന പ്ലാസ്റ്റിക് കവറിനുള്ളില്‍ നിന്നും കഞ്ചാവ് ഒളിപ്പിച്ച കഞ്ചാവ് കണ്ടെടുത്തു. ഇയാളില്‍ നിന്നും മൊബൈല്‍ ഫോണും പണവും കണ്ടെടുത്തു. ബൈക്കിന്റെ സമീപത്ത് നിന്നും രഞ്ജിത്തിന്റെ മൊബൈല്‍ ഫോണും കണ്ടെത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വില്പനക്ക് എത്തിച്ചതാണ് കഞ്ചാവ് എന്ന് ചോദ്യം ചെയ്യലില്‍ യുവാവ് സമ്മതിച്ചു. ഇയാള്‍ പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ 2012 ല്‍ രജിസ്റ്റര്‍ ചെയ്ത മോഷണകേസില്‍ പ്രതിയാണെന്നും അന്വേഷണത്തില്‍ വ്യക്തമായി.

ബൈക്കിന്റെ ഉടമയെ സംബന്ധിച്ച വിവരങ്ങളും മറ്റും പോലീസ് ശേഖരിച്ചു വരികയാണ്. പോലീസ് ഇന്‍സ്പെക്ടര്‍ ശ്യാംമുരളിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ സ്പെഷല്‍ സ്‌ക്വാഡ് എസ്.ഐ ബി.എസ്.ആദര്‍ശ്, അടൂര്‍ എസ്.ഐ കെ.എസ് ധന്യ, ജില്ലാ ഡാന്‍സാഫ് ടീം, ഗ്രേഡ് എസ് ഐ രാധാകൃഷ്ണന്‍, നകര്‍കോട്ടിക് സെല്‍ എ.എസ്.ഐ മുജീബ് റഹ്‌മാന്‍, എസ്.സി.പി.ഓ മുജീബ്, സി.പി.ഓമാരായ വിവേക്, രാജഗോപാല്‍, സനല്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

Tags:    

Similar News