കൊയിലാണ്ടി കോളേജിലെ സംഘര്‍ഷത്തിന് പിന്നാലെ കൊലവിളി മുദ്രാവാക്യം; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്ത് പൊലീസ്

കൊലവിളി മുദ്രാവാക്യം: ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു

Update: 2024-10-13 07:39 GMT

കൊയിലാണ്ടി: കൊയിലാണ്ടി മുചുകുന്ന് ഗവണ്‍മെന്റ് കോളേജില്‍ നടന്ന സംഘര്‍ഷത്തിന്റെ ഭാഗമായി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. കൊലവിളി നടത്തിയതിനും മതസ്പര്‍ദ വളര്‍ത്തുന്ന രീതിയില്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതിനുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

കാലിക്കറ്റ് സര്‍വകലാശാല കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് കൊയിലാണ്ടി കോളേജില്‍ സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസിന്റെയും മുസ്ലിം യൂത്ത് ലീഗിന്റെയും കെ.എസ്.യുവിന്റെയും എംഎസ്എഫിന്റെയും പ്രവര്‍ത്തകര്‍ക്ക് നേരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം.

കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ യു.യു.സി, ജനറല്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് കെഎസ്യു-എംഎസ്എഫ് സഖ്യത്തിന്റെ സ്ഥാനാര്‍ഥികള്‍ വിജയിച്ചിരുന്നു. എസ്.എ.എഫ്.യുടെ കുത്തകയായിരുന്ന കോളേജില്‍ കെഎസ്യു-എംഎസ്എഫ് സഖ്യം വിജയിച്ചതാണ് സംഘര്‍ഷങ്ങളിലേക്ക് നയിച്ചത്.

ഈ സമയത്ത് കോളേജിന് സമീപത്ത് എത്തിയ യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ്, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തമ്മിലും സംഘര്‍ഷമുണ്ടായി. ഇതിനിടെയാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു.

കണ്ണൂരില്‍ കൊല്ലപ്പെട്ട അരിയില്‍ ഷുക്കൂറിന്റെ അനുഭവം ഉണ്ടാകുമെന്നാണ് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കിയത്. കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.എസ്.യു., എം.എസ്.എഫ്. വിദ്യാര്‍ഥികളെ തടഞ്ഞ് വെക്കുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.

Tags:    

Similar News