കത്തുന്ന സൂര്യനെ സാക്ഷിയാക്കി വിജയ്യുടെ സമ്മേളനം; തലയില്‍ കസേരയെടുത്തുവെച്ച് പ്രവര്‍ത്തകര്‍; 90-ഓളം പേര്‍ കുഴഞ്ഞുവീണു

നിര്‍ജലീകരണത്തെത്തടുര്‍ന്ന് 90-ഓളം പേര്‍ കുഴഞ്ഞുവീണു

Update: 2024-10-27 13:05 GMT

ചെന്നൈ: നടന്‍ വിജയ്യുടെ രാഷ്ട്രീയപ്പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്നവര്‍ക്ക് വെല്ലുവിളിയായി കനത്ത ചൂട്. അഞ്ചുലക്ഷം പേരെയായിരുന്നു പാര്‍ട്ടി പ്രതീക്ഷിച്ചത്. അരലക്ഷം പേര്‍ക്കുള്ള കസേരകളാണ് ഒരുക്കിയത്. കുറഞ്ഞത് മൂന്നുലക്ഷത്തിലേറെപ്പേര്‍ സമ്മേളനത്തിന് എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കനത്ത ചൂടും പ്രതികൂലകാലാവസ്ഥയും സമ്മേളനത്തിന് എത്തിയവര്‍ക്ക് വെല്ലുവിളിയായി. കത്തുന്ന സൂര്യനില്‍നിന്നുള്ള രക്ഷയ്ക്കായി സമ്മേളനത്തിനെത്തിയവര്‍ തലയില്‍ കസേരയെടുത്തുവെച്ചാണ് നിന്നത്. നിര്‍ജലീകരണത്തെത്തടുര്‍ന്ന് 90-ഓളം പേര്‍ കുഴഞ്ഞുവീണതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

സമ്മേളന സ്ഥലത്തേക്ക് കൂടുതല്‍ മെഡിക്കല്‍ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കനത്ത ചൂടിനെത്തുടര്‍ന്ന് നിര്‍ജലീകരണമടക്കം ആരോഗ്യപ്രശ്നങ്ങളുണ്ടായവര്‍ക്ക് മെഡിക്കല്‍ സംഘം പ്രാഥമിക ശുശ്രൂഷ നല്‍കി.

വാഹനങ്ങളുടെ നീണ്ടനിരമൂലം ഗതാഗതസ്തംഭനവുമുണ്ടായി. കിലോമീറ്ററുകള്‍ ദൂരത്തിലാണ് വാഹനങ്ങള്‍ കുടുങ്ങിക്കിടന്നത്. 6,000 പോലീസുദ്യോഗസ്ഥരെയാണ് സുരക്ഷാചുമതലയ്ക്കായി ഒരുക്കിയത്. വടക്കന്‍ മേഖലാ ഐ.ജി. അശ്ര ഗാര്‍ഗിന്റെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണം. 350 മൊബൈല്‍ ശൗചാലയങ്ങളും ക്രമീകരിച്ചിരുന്നു. 86 ഏക്കറിലെ സമ്മേളന നഗരിക്ക് സമീപം, 270 ഏക്കറിലാണ് വാഹനപാര്‍ക്കിങ്ങിന് സൗകര്യമൊരുക്കിയത്. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയ സംഘത്തില്‍പ്പെട്ട മൂന്നുപേര്‍ രണ്ടുവ്യത്യസ്ത അപകടങ്ങളിലായി മരിച്ചതായും റിപ്പോര്‍ട്ടുണ്ട്.

Tags:    

Similar News