ഇരട്ടവോട്ടുള്ളവര്‍ വോട്ട് ചെയ്യാനെത്തുമ്പോള്‍ ഫോട്ടോ പകര്‍ത്തും; മൊബൈല്‍ ആപ്പില്‍ ഈ ചിത്രം അപ്ലോഡ് ചെയ്യുന്നതിനൊപ്പം സത്യവാങ്മൂലവും എഴുതിവാങ്ങും; മറ്റേതെങ്കിലും ബൂത്തില്‍ വീണ്ടും വോട്ട് ചെയ്യാന്‍ ശ്രമിച്ചാല്‍ നിയമ നടപടിയെന്ന് കളക്ടര്‍; സിപിഎം നിയമ നടപടിക്ക്

Update: 2024-11-18 08:44 GMT

പാലക്കാട്: ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പാലക്കാട്ട് ഇരട്ട വോട്ട് വിവാദം പുതിയ തലത്തിലേക്ക്. പാലക്കാടിനു പുറമേ മറ്റേതെങ്കിലും നിയോജക മണ്ഡലത്തില്‍ വോട്ടുള്ളവരുടെ പേര് പാലക്കാട്ടെ പട്ടികയില്‍ നിലനിര്‍ത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ.എസ്. ചിത്ര അറിയിച്ചു. ഇവരുടെ മറ്റു മണ്ഡലത്തിലെ വോട്ട് ഒഴിവാക്കും. ഇതോടെ പാലക്കാട്ട് പേരുള്ളവര്‍ക്കെല്ലാം വോട്ട് ചെയ്യാനാകും.

ഇരട്ടവോട്ടുള്ളവര്‍ വോട്ട് ചെയ്യാനെത്തുമ്പോള്‍ ഫോട്ടോ പകര്‍ത്തും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മൊബൈല്‍ ആപ്പില്‍ ഈ ചിത്രം അപ്ലോഡ് ചെയ്യുന്നതിനൊപ്പം സത്യവാങ്മൂലവും എഴുതിവാങ്ങും. പിന്നീട് മറ്റേതെങ്കിലും ബൂത്തില്‍ വീണ്ടും വോട്ട് ചെയ്യാന്‍ ശ്രമിച്ചാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി. അതേസമയം, ഇരട്ടവോട്ടില്‍ നിയമപോരാട്ടത്തിനൊരുങ്ങുകയാണ് സിപിഎം. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും നിയമപരമായി മുന്നോട്ടുപോകുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു.

ഇരട്ട വോട്ടില്‍ ആദ്യം പരാതി ഉന്നയിച്ചത് തങ്ങളാണെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. ഇരട്ടവോട്ട് വിഷയത്തില്‍ സിപിഎം കോടതിയെ സമീപിക്കുന്നതില്‍ ആത്മാര്‍ഥതയില്ലെന്ന് ബിജെപി സംസ്ഥാനധ്യക്ഷന്‍ കെ. സുരേന്ദ്രനും പറഞ്ഞു. ബിഎല്‍ഒമാരുടെ ഭാഗത്താണ് പിഴവുണ്ടായതെന്നും സിപിഎം ഇപ്പോള്‍ വിലപിച്ചിട്ട് എന്താണ് കാര്യമെന്നും അദ്ദേഹം ചോദിച്ചു.

Similar News