വായുമലിനീകരണം രൂക്ഷം; ഡല്‍ഹിയില്‍ കൃത്രിമ മഴ പെയ്യിക്കാന്‍ അനുമതി തേടി

വായുമലിനീകരണം രൂക്ഷം; ഡല്‍ഹിയില്‍ ക്രിത്രിമ മഴ പെയ്യിക്കാന്‍ അനുമതി തേടി

Update: 2024-11-20 01:46 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ കൃത്രിമ മഴ പെയ്യിക്കുന്നതിന് കേന്ദ്രത്തോട് അനുവാദംതേടി പരിസ്ഥിതിമന്ത്രി ഗോപാല്‍ റായ്. അന്തരീക്ഷമലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ കേന്ദ്രം അടിയന്തരയോഗം വിളിക്കണമെന്നും വിഷയത്തില്‍ ഇടപെടേണ്ടത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ധാര്‍മിക ഉത്തരവാദിത്വമാണെന്നും ഗോപാല്‍ റായ് പറഞ്ഞു.

ഡല്‍ഹിയില്‍ കൃത്രിമ മഴ പെയ്യിക്കാന്‍ അനുവദിക്കണമെന്നുള്ള ഡല്‍ഹി സര്‍ക്കാരിന്റെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ഥനകളില്‍ കേന്ദ്രം നടപടിയെടുത്തിട്ടില്ലെന്നും കേന്ദ്ര പരിസ്ഥിതിമന്ത്രി ഭൂപേന്ദ്ര യാദവിന് ഈ വിഷയത്തില്‍ വീണ്ടും കത്തെഴുതുമെന്നും ഗോപാല്‍ റായ് പറഞ്ഞു.

ദീപാവലിക്ക് പിന്നാലെ വായൂമലിനീകരണം രൂക്ഷമായതോടെ സ്‌കൂളുകളും കോളേജുകളും ഓണ്‍ലൈനായാണ് ക്ലാസുകള്‍ നടത്തുന്നത്. ഡല്‍ഹിയിലേക്കുപ്രവേശിക്കുന്ന വാഹനങ്ങളുടെ എണ്ണം കുറയ്ക്കുന്നതിന് സ്വകാര്യവാഹനങ്ങള്‍ക്കും ട്രക്കുകള്‍ക്കും നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്. പുകമഞ്ഞ് കുറയ്ക്കുന്നതിനുള്ള നടപടികള്‍ ആസൂത്രണംചെയ്യാന്‍ വിദഗ്ധരുമായി കൂടിയാലോചിക്കുന്നതായും ഗോപാല്‍ റായ് പറഞ്ഞു.

അതേസമയം, ഡല്‍ഹിയിലെ വായുമലിനീകരണത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി. വിവിധയിടങ്ങളില്‍ പ്രതിഷേധവുമായെത്തി. ബി.ജെ.പി. നേതാവും ഡല്‍ഹി ലോക്സഭാംഗവുമായ മനോജ് തിവാരിയുടെ നേതൃത്വത്തില്‍ ജനങ്ങള്‍ക്ക് സൗജന്യമായി മാസ്‌കുകള്‍ നല്‍കിക്കൊണ്ടായിരുന്നു പ്രതിഷേധം.

Tags:    

Similar News