സുഹൃത്തിന്റെ മൃതദേഹവുമായി പോകുന്നതിനിടെ മദ്യത്തില്‍ ബാറ്ററി വെള്ളം കലര്‍ത്തി കഴിച്ചു; ഒരാള്‍ മരിച്ചു

സുഹൃത്തിന്റെ മൃതദേഹവുമായി പോകുന്നതിനിടെ മദ്യത്തില്‍ ബാറ്ററി വെള്ളം കലര്‍ത്തി കഴിച്ചു; ഒരാള്‍ മരിച്ചു

Update: 2024-11-22 01:41 GMT

വണ്ടിപ്പെരിയാര്‍: മരണാനന്തര ചടങ്ങുകള്‍ക്കായി സുഹൃത്തിന്റെ മൃതദേഹവുമായി തമിഴ്‌നാട്ടില്‍നിന്ന് വണ്ടിപ്പെരിയാറിലേക്ക് വരുന്നതിനിടെ മദ്യത്തില്‍ ബാറ്ററി വെള്ളം കലര്‍ത്തി കഴിച്ച ഒരാള്‍ മരിച്ചു. മറ്റൊരാളെ ഗുരുതര അവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വണ്ടിപ്പെരിയാര്‍ ചുരക്കുളം അപ്പര്‍ ഡിവിഷന്‍ കല്ലുവേലി പറമ്പില്‍ ജോബിന്‍(40) ആണ് മരിച്ചത്.

കൂടെയുണ്ടായിരുന്ന പ്രഭു(40)വിനെ കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുടിവെള്ളമാണെന്ന് തെറ്റിദ്ധരിച്ചാണ് മദ്യത്തില്‍ ഇവര്‍ ബാറ്ററി വെള്ളം കലര്‍ത്തി കഴിച്ചതെന്നാണ് വിവരം. ഇവരുടെ സുഹൃത്തായ വണ്ടിപ്പെരിയാര്‍ ചുരുക്കളം അപ്പര്‍ ഡിവിഷനില്‍ താമസിക്കുന്ന പ്രതാപ് (39) കഴിഞ്ഞദിവസം തമിഴ്‌നാട് തിരുപ്പൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചിരുന്നു.

പ്രതാപിന്റെ മൃതദേഹവുമായി ജോബിന്‍, പ്രഭു എന്നിവര്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് വണ്ടിപ്പെരിയാറിലേക്ക് വന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നോടെ മൃതദേഹവുമായിവന്ന വാഹനം കുമളിയില്‍ നിര്‍ത്തുകയും മറ്റ് രണ്ടുപേര്‍ ചായ കുടിക്കുന്നതിന് വാഹനത്തില്‍നിന്ന് ഇറങ്ങുകയുംചെയ്തു. ഈസമയം വാഹനത്തില്‍ ഉണ്ടായിരുന്ന ജോബിന്‍, പ്രഭു എന്നിവര്‍ തമിഴ്‌നാട്ടില്‍വെച്ച് കഴിച്ചതിന്റെ ബാക്കി ഉണ്ടായിരുന്ന മദ്യം ആംബുലന്‍സിന്റെ ബാറ്ററിയില്‍ ഒഴിക്കാന്‍വെച്ചിരുന്ന ബാറ്ററി വെള്ളം കലര്‍ത്തി കഴിക്കുകയായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവരെ കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെവെച്ച് ജോബിന്‍ മരിച്ചു.

Tags:    

Similar News