യു.കെ.യില്‍ നഴ്‌സിങ് അസിസ്റ്റന്റായി ജോലി വാഗ്ദാനം; കോഴിക്കോട് സ്വദേശിയില്‍ നിന്നും തട്ടിയെടുത്തത് 50,000 രൂപ: യുവാവ് അറസ്റ്റില്‍

വിദേശത്ത് ജോലി നൽകാമെന്ന് പറഞ്ഞ് പണം തട്ടിയയാൾ പിടിയിൽ

Update: 2024-11-26 02:01 GMT

റാന്നി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ കണ്‍സള്‍ട്ടന്‍സ് സ്ഥാപനം നടത്തിയിരുന്ന യുവാവ് അറസ്റ്റില്‍. ഇടുക്കി അണക്കര രാജാക്കണ്ടം വണ്ടന്‍മേട് കല്ലട വാഴേപ്പറമ്പില്‍ വീട്ടില്‍ ജോമോന്‍ ജോണ്‍ (42) ആണ് റാന്നി പോലീസിന്റെ പിടിയിലായത്. യു.കെ.യില്‍ നഴ്‌സിങ് അസിസ്റ്റന്റ് ജോലി വാഗ്ദാനം ചെയ്ത് കോഴിക്കോട് സ്വദേശിനിയില്‍നിന്ന് 50,000 രൂപ തട്ടിയ കേസിലാണ് നടപടി.

റാന്നി പാലത്തിനടുത്ത് ജോമോന്‍ ഹോളി ലാന്‍ഡ് കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനം നടത്തിയിരുന്നു. ഇതിന്റെ ബാങ്ക് അക്കൗണ്ട് മുഖേനയാണ് യുവതിയില്‍നിന്ന് പണം കൈപ്പറ്റിയത്. എന്നാല്‍ വാഗ്ദാനം ചെയ്ത ജോലി നല്‍കുകയോ പണം തിരികെ നല്‍കുകയോ ചെയ്തില്ല. ഇതോടെ യുവതി പരാതിയുമായി രംഗത്ത് എത്തുക ആയിരുന്നു. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 22-ന് യുവതിയുടെ കോഴിക്കോട് ഗോവിന്ദപുരത്തുള്ള പഞ്ചാബ് നാഷണല്‍ ബാങ്ക് ശാഖയിലെ അക്കൗണ്ടില്‍നിന്ന് റാന്നിയിലുള്ള സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് പണം അയച്ചു. ജോമോന്റെ കൂട്ടുകാരനും കേസിലെ രണ്ടാംപ്രതിയുമായ മനു മോഹന്‍ മുഖേനയാണ് പണം കൈപ്പറ്റിയത്.

പരാതിയെത്തുടര്‍ന്ന് അന്വേഷണം ആരംഭിച്ച പോലീസ് ബാങ്ക് രേഖകള്‍ തെളിവാക്കി ജോമോനെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഇസ്രയേല്‍, യു.കെ. എന്നിവടങ്ങളിലേക്ക് ജോലി തരപ്പെടുത്താമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തുന്നതെന്ന് പോലീസ് പറഞ്ഞു. മറ്റൊരു പരാതിയിലും ഒരുകേസ് എടുത്തിട്ടുണ്ട്. റാന്നി ഡിവൈ.എസ്.പി. ആര്‍. ജയരാജ്, പോലീസ് ഇന്‍സ്പെക്ടര്‍ ജിബു ജോണ്‍, എ.എസ്.ഐ. അജു കെ.അലി, എസ്.സി.പി.ഒ.മാരായ അജാസ് ചാരുവേലില്‍, ഗോകുല്‍ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Tags:    

Similar News