കണ്ണൂരില്‍ വാഹനാപകടത്തില്‍ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ മരിച്ചു; മുഹമ്മദിന്റെ വിയോഗത്തില്‍ നടുങ്ങി കല്യാശേരിയിലെ ക്യാംപസ്

Update: 2024-12-06 08:37 GMT

കണ്ണൂര്‍ : കണ്ണൂരില്‍ വാഹനാപകടത്തില്‍ കോളേജ് യൂനിയന്‍ ചെയര്‍മാന്‍ മരിച്ചു. കല്ല്യാശേരിയില്‍ വെള്ളിയാഴ്ച്ച രാവിലെയുണ്ടായ വാഹനാപകടത്തിലാണ് കോളേജ് വിദ്യാര്‍ത്ഥി അതിദാരുണമായി മരിച്ചത്. കല്യാശേരി ആംസ്റ്റക് കോളേജ് യൂണിയന്‍ ചെയര്‍മാനും രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയുമായ കയ്യങ്കോട് ചേലേരിമുക്കിലെ മുഹമ്മദ്(19)ആണ് മരണപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ കൊളച്ചേരിയിലെ സല്‍മാന്‍ ഫാരിസിനെ കണ്ണൂര്‍ എ കെ ജി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച്ച രാവിലെ ഒന്‍പതരയോടെ കല്യാശേരി വീവേഴ്‌സ് സൊസൈറ്റിക്ക് മുന്‍വശത്തായിരുന്നു അപകടം. സഹപാഠികള്‍ സഞ്ചരിച്ച ബൈക്കും എതിരെ വന്ന ഇന്‍ഡേന്‍ ഗ്യാസ് കൊണ്ടുപോവുകയായിരുന്ന ഗുഡ്‌സ് ഓട്ടോയും കൂട്ടിയിട്ടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ മുഹമ്മദിനെ ഉടന്‍ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

അപകട വിവരമറിഞ്ഞ് കോളേജിലെ അധ്യാപകരും സഹപാഠികളും ഉള്‍പ്പെടെ ആശുപത്രിയിലെത്തി. എസ്.എഫ്.ഐ പ്രവര്‍ത്തകനാണ് മരിച്ച മുഹമ്മദ് 'ഊര്‍ജ്വസ്വലമായി പ്രവര്‍ത്തിച്ചിരുന്ന വിദ്യാര്‍ത്ഥി നേതാവിനെയാണ് കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് നഷ്ടമായത്.

Tags:    

Similar News