സ്ത്രീയെ ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തരുത്; ഹൈക്കോടതി

സ്ത്രീയെ ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തരുത്; ഹൈക്കോടതി

Update: 2024-12-13 04:12 GMT

കൊച്ചി: സ്ത്രീകളെ അവര്‍ ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുരുതെന്ന് ഹൈക്കോടതി. ഇത്തരം പ്രവണതകള്‍ പരിഷ്‌കൃതസമൂഹത്തിന് അംഗീകരിക്കാനാകില്ല. സ്ത്രീയെ ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നത് പുരുഷനിയന്ത്രിതമായ സാമൂഹികവീക്ഷണത്തിന്റെ ഫലമാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും ജസ്റ്റിസ് എം.ബി. സ്‌നേഹലതയും അടങ്ങിയ ഡിവിഷന്‍ബെഞ്ച് അഭിപ്രായപ്പെട്ടു.

മാവേലിക്കര കുടുംബകോടതി ഉത്തരവിനെതിരേ രണ്ടു കുട്ടികളുടെ അമ്മയായ യുവതി നല്‍കിയ ഹര്‍ജി അനുവദിച്ചാണ് ഉത്തരവ്. ധരിക്കുന്ന വസ്ത്രമടക്കം കണക്കിലെടുത്ത് കുട്ടികളുടെ കസ്റ്റഡിനിഷേധിച്ച കുടുംബ കോടതിയുടെ നടപടിയെ തുടര്‍ന്നാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. ഏതുവസ്ത്രം ധരിക്കുന്നുയെന്നത് സ്ത്രീയുടെ സ്വാതന്ത്ര്യമാണ്. അത് കോടതിയുടെ മോറല്‍ പോലീസിങ്ങിനു വിധേയമാകേണ്ടതില്ല. വ്യക്തിപരമായ അഭിപ്രായം വിധിന്യായങ്ങളില്‍ ഉണ്ടാകരുത് -കോടതി പറഞ്ഞു.

ഉഭയസമ്മതപ്രകാരം ഈവര്‍ഷം ആദ്യം വിവാഹമോചനം നേടിയ യുവതിയാണ് കുട്ടികളുടെ കസ്റ്റഡി നിഷേധിച്ചതിനെതിരേ ഹൈക്കോടതിയില്‍ എത്തിയത്. ശരീരം വെളിപ്പെടുത്തുന്ന വസ്ത്രങ്ങള്‍ ധരിച്ചു, ഡേറ്റിങ് ആപ്പില്‍ ഫോട്ടോ പ്രസിദ്ധീകരിച്ചു, പുരുഷസുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവഴിച്ചു തുടങ്ങിയ കാരണങ്ങളുടെ പേരിലാണ് കുട്ടികളുടെ കസ്റ്റഡി കുടുംബകോടതി നിഷേധിച്ചത്.

വിവാഹമോചനം സുഹൃത്തുക്കളോടൊപ്പം ആഘോഷിച്ചതിനെയും കുടുംബകോടതി കുറ്റപ്പെടുത്തിയിരുന്നു. വിവാഹമോചിതകളെല്ലാം സങ്കടപ്പെട്ട് കഴിയണം എന്ന കുടുംബകോടതിയുടെ വിലയിരുത്തല്‍ അംഗീകരിക്കാനേ ആകില്ലെന്നും ഡിവിഷന്‍ബെഞ്ച് പറഞ്ഞു.

Tags:    

Similar News