നിലമ്പൂരേക്കുള്ള യാത്ര ട്രെയിന്‍ നേരത്തെ പുറപ്പെട്ടു; ഷൊര്‍ണൂരില്‍ ട്രെയിന്‍ തടഞ്ഞ് പ്രതിഷേധിച്ച് യാത്രക്കാര്‍; ഒടുവില്‍ പരിഹരിച്ച് റെയില്‍വേ
ഷൊര്‍ണൂരില്‍ ട്രെയിന്‍ തടഞ്ഞ് പ്രതിഷേധിച്ച് യാത്രക്കാര്‍
പാലക്കാട്: ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിലമ്പൂരേക്കുള്ള യാത്ര ട്രെയിന്‍ നേരത്തെ പുറപ്പെട്ടതിനെ തുടര്‍ന്ന് പ്രതിഷേധിച്ച് യാത്രക്കാര്‍. കണ്ണൂര്‍- ആലപ്പി എക്‌സ്പ്രസിന്റെ കണക്ഷന്‍ ട്രെയിനായ ഷൊര്‍ണൂര്‍- നിലമ്പൂര്‍ പാസഞ്ചര്‍ നേരത്തെ യാത്ര തുടങ്ങിയതാണ് പ്രതിഷേധത്തിനിടയാക്കിയത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ യാത്രക്കാര്‍ ട്രെയിന്‍ തടഞ്ഞ് പ്രതിഷേധിച്ചതോടെ പകരം സംവിധാനം ഏര്‍പ്പെടുത്തി റെയില്‍വേ നല്‍കി. ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസ് ട്രെയിനില്‍ വന്നിറങ്ങിയ യാത്രക്കാര്‍ക്കാണ് നിലമ്പൂര്‍ ട്രെയിന്‍ ലഭിക്കാതിരുന്നത്. ഇതോടെ സ്ത്രീകളും കുട്ടികളുമടക്കമുള്ള നൂറുകണക്കിന് യാത്രക്കാരാണ് ഷൊര്‍ണൂരില്‍ കുടുങ്ങിയത്.
റെയില്‍വേ സ്റ്റേഷന്‍ മാനേജര്‍, ആര്‍.പി.എഫ്, റെയില്‍വേ പൊലീസ് എന്നിവരുമായി യാത്രക്കാര്‍ സംസാരിച്ചെങ്കിലും പരിഹാരമുണ്ടായില്ല. തുടര്‍ന്നാണ് രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിട്ട പാസഞ്ചര്‍ ട്രെയിന്‍ യാത്രക്കാര്‍ തടഞ്ഞത്. റെയില്‍വേ അധികൃതര്‍ സ്ഥലത്തെത്തിയെങ്കിലും വഴങ്ങാതിരുന്ന യാത്രക്കാര്‍ ഒന്നര മണിക്കൂറോളം ട്രെയിന്‍ തടഞ്ഞിട്ടു. റെയില്‍വേ എസ്.ഐ അനില്‍ മാത്യുവിന്റെ സാന്നിധ്യത്തില്‍ യാത്രക്കാരുമായി ചര്‍ച്ച നടത്തി.
ബസുകളില്‍ നിലമ്പൂര്‍ ഭാഗത്തേക്ക് എത്തിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ തീരുമാനമായി. ഇതോടെയാണ് സമരം അവസാനിപ്പിച്ചത്. എസ്.ഐ അനില്‍ മാത്യു, ട്രെയിന്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ നേതാവ് സണ്‍ഷൈന്‍ എന്നിവരാണ് ബസുകള്‍ ഏര്‍പ്പാടാക്കിയത്. ആവശ്യമായ തുക യാത്രക്കാരാണ് വഹിച്ചത്.
അതേസമയം, നമ്പര്‍ 06475 ഷൊര്‍ണൂര്‍-നിലമ്പൂര്‍ ട്രെയിനും എക്സിക്യൂട്ടിവ് എക്സ്പ്രസ് (നമ്പര്‍ 16307) ട്രെയിനുകളും കണക്ഷനുകളല്ലെന്ന് റെയില്‍വേ വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. എക്സിക്യൂട്ടിവ് എക്സ്പ്രസ് രാത്രി 7.47ന് ഷൊര്‍ണൂരില്‍ എത്തുകയും 8.10ന് പുറപ്പെടുന്ന ഷൊര്‍ണൂര്‍-നിലമ്പൂര്‍ ട്രെയിനിന്റെ സമയക്രമമനുസരിച്ച് യാത്രക്കാര്‍ക്ക് കയറാന്‍ മതിയായ സമയം നല്‍കുകയുമാണ് പതിവ്. എന്നാല്‍, തിരുവനന്തപുരം ഡിവിഷനില്‍ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ എക്സിക്യൂട്ടിവ് എക്സ്പ്രസ് വൈകാറുണ്ട്. അതിനാല്‍ മറ്റു യാത്രക്കാര്‍ക്ക് കൂടുതല്‍ തടസ്സങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഷൊര്‍ണൂര്‍-നിലമ്പൂര്‍ ട്രെയിന്‍ പുറപ്പെടും. ആ ട്രെയിന്‍ വൈകുന്നത് നിലമ്പൂര്‍ റോഡില്‍നിന്ന് ഷൊര്‍ണൂര്‍ ജങ്ഷനിലേക്കുള്ള മറ്റു സര്‍വിസുകളെ ബാധിക്കും. ഇത് ചെന്നൈയിലേക്കും തിരുവനന്തപുരത്തേക്കുമുള്ളതുള്‍പ്പെടെയുള്ള കണക്ഷനുകള്‍ നഷ്ടപ്പെടാനിടയാക്കുമെന്നും റെയില്‍വേ അറിയിച്ചു.