കനത്ത മഴ; മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു; 24 മണിക്കൂറിനുള്ളില്‍ ഏഴ് അടിയാണ് ഉയര്‍ന്നത് ആശങ്ക
By : സ്വന്തം ലേഖകൻ
Update: 2024-12-15 07:58 GMT
ഇടുക്കി: കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു. 24 മണിക്കൂറിനുള്ളില്‍ ഏഴ് അടിയാണ് ഉയര്‍ന്നത്. വെള്ളിയാഴ്ച രാവിലെ ആറിന് 120.65 അടിയായിരുന്ന ജലനിരപ്പ്. ശനിയാഴ്ച രാവിലെ ആറോടെ 127. 65 അടിയായി. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് സെക്കന്‍ഡില്‍ 400 ഘനയടിയില്‍ നിന്ന് 1400 ഘനയടിയാക്കി ഉയര്‍ത്തി.
ശനിയാഴ്ച വൈകുന്നേരത്തോടെ മഴ കുറഞ്ഞെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 101 മില്ലിമീറ്റര്‍ മഴയും തേക്കടിയില്‍ 108.20 മില്ലിമീറ്റര്‍ മഴയും പെയ്തു. വ്യാഴാഴ്ച രാത്രി തുടങ്ങിയ മഴ രണ്ട് ദിവസം തുടര്‍ച്ചയായി പെയ്തതാണ് ജലനിരപ്പ് ഉയരാന്‍ കാരണമായത്.