കാറിന്റെ ബോണറ്റില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത് അമ്പത് ഗ്രാം എം.ഡി.എം.എ; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍: ഓടി രക്ഷപ്പെട്ട ഒരാള്‍ക്കായി തിരച്ചില്‍

കാറിന്റെ ബോണറ്റില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത് അമ്പത് ഗ്രാം എം.ഡി.എം.എ

Update: 2024-12-16 01:57 GMT

പൊയിനാച്ചി: പൊയിനാച്ചി ദേശീയപാതയില്‍ കാറിന്റെ ബോണറ്റില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന 50 ഗ്രാം എം.ഡി.എം.എ. മയക്കുമരുന്ന് പിടികൂടി. മൂന്ന് യുവാക്കളെ പോലിസ് അറസ്റ്റ് ചെയ്തു. ഒരാള്‍ ഓടി രക്ഷപ്പെട്ടു. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുളള ഡിസ്ട്രിക്ട് ആന്റി നാര്‍കോട്ടിക്‌സ് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും(ഡാന്‍സാഫ്) മേല്‍പ്പറമ്പ് പോലീസും ചേര്‍ന്ന് നടത്തിയ നീക്കത്തിലാണ് ഇവരെ പിടികൂടിയത്. മയക്കു മരുന്ന് കടത്താന്‍ ഉപയോഗിച്ച കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

പൊയിനാച്ചി ദേശീയപാതയില്‍ നിര്‍മാണം നടക്കുന്ന വി.ഒ.പി.പരിസരത്ത് ഞായറാഴ്ച പുലര്‍ച്ചെയാണ് പരിശോധന നടന്നത്. അജാനൂര്‍ കടപ്പുറം മീനാഫീസിനടുത്ത പാട്ടില്ലത്ത് ഹൗസില്‍ പി.അബ്ദുല്‍ ഹക്കീം(27), കുമ്പള കൊപ്പളം കുന്നില്‍ ഹൗസിലെ എ.അബ്ദുല്‍ റാഷിദ്(29) ഉദുമ പാക്യാര ഹൗസിലെ പി.എച്ച്.അബ്ദുല്‍റഹിമാന്‍(29) എന്നിവരെയാണ് മേല്‍പ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എ.സന്തോഷ്‌കുമാര്‍ അറസ്റ്റുചെയ്തത്. ഒപ്പമുണ്ടായിരുന്ന മൊഗ്രാല്‍പുത്തൂരിലെ മുഹമ്മദ് അഷ്‌റഫ്(25)ആണ് ഓടിപ്പോയത്.

അബ്ദുല്‍ഹക്കീമാണ് കാറോടിച്ചിരുന്നത്. പുത്തന്‍ കാറിന്റെ ബോണറ്റ് ഹീറ്റ് പ്രൊട്ടക്ടര്‍ ഷീറ്റ് അടര്‍ത്തിനോക്കിയപ്പോള്‍ താഴെ വീണ പ്രഥമശുശ്രൂഷ കിറ്റിനകത്താണ് മൂന്ന് പൊളിത്തീന്‍ കവറുകളില്‍ സൂക്ഷിച്ചിരുന്ന എം.ഡി.എം.എ. ഉണ്ടായിരുന്നത്. സംശയം തോന്നാതിരിക്കാന്‍ മൊബൈല്‍ സിം കവറിനുള്ളില്‍ മറ്റൊരു കവറിലാക്കിയാണണ് മയക്കു മരുന്ന് സൂക്ഷിച്ചത്. കര്‍ണാടകയില്‍ നിന്ന് സുള്ള്യ - ബന്തടുക്ക വഴിയാണ് സംഘം പൊയിനാച്ചി ദേശീയപാതയില്‍ എത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നേരത്തെ വാഹനങ്ങള്‍ കുറുകെയിട്ട് സമീപത്തെ ഇടവഴികള്‍ അടച്ചാണ് കാറിനെ തടഞ്ഞത്. പരിശോധന തുടങ്ങവെ മുഹമ്മദ് അഷ്‌റഫ് ടൗണിന്റെ കിഴക്ക് ഭാഗത്തേക്ക് ഇറങ്ങിയോടുകയായിരുന്നു.

പോലീസുകാര്‍ പിന്തുടര്‍ന്നെങ്കിലും രക്ഷപ്പെട്ടു. ഗസറ്റഡ് ഓഫീസറായ മഞ്ചേശ്വരം തഹസില്‍ദാര്‍ (എല്‍.ആര്‍.) ജി.ലാലിന്റെ സാന്നിധ്യത്തിലാണ് പിടിയിലായവരുടെ ദേഹപരിശോധനയും മറ്റും പൂര്‍ത്തിയാക്കിയത്. ഡാന്‍സഫ് ടീമിലെ എസ്.ഐ.മാരായ കെ.നാരായണന്‍, അബൂബക്കര്‍ കല്ലായി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജേഷ് മാണിയാട്ട്, ഹരീഷ് ബീബുങ്കാല്‍, സി.പി.ഒ.മാരായ നികേഷ്,നിഖില്‍,ജെ.സജീഷ്, മേല്‍പ്പറമ്പ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.രാമചന്ദ്രന്‍നായര്‍, കെ.പ്രദീപ്കുമാര്‍, കെ.അനൂപ്, സി.പി.ഒ. എം.മിതേഷ്, സി.പി.ഒ.ഡ്രൈവര്‍ രാജേഷ് എന്നിവര്‍ പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു.

Tags:    

Similar News