കരുതലും കൈത്താങ്ങും : സാധാരണക്കാര്‍ക്ക് നീതി ലഭ്യമാക്കുക സര്‍ക്കാര്‍ നയമെന്ന് മന്ത്രി വി.ശിവന്‍കുട്ടി; വര്‍ക്കല താലൂക്ക് അദാലത്തിലും പരാതി പ്രവാഹം; സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമെന്ന് മന്ത്രി ജി.ആര്‍ അനില്‍
തിരുവനന്തപുരം: സാധാരണക്കാര്‍ക്ക് നീതി ലഭ്യമാക്കുന്നതിനുള്ള സര്‍ക്കാര്‍ നയമാണ് കരുതലും കൈത്താങ്ങും അദാലത്തെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. വര്‍ക്കല താലൂക്ക് അദാലത്ത് വര്‍ക്കല എസ്.എന്‍ കോളേജില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ജനകേന്ദ്രീകൃതവും സുതാര്യമായ ഭരണസംവിധാനത്തെക്കുറിച്ചുള്ള ജനങ്ങളുടെ കാഴ്ചപ്പാടാണ് അദാലത്തുകളില്‍ ഉള്‍ക്കൊള്ളുന്നത്. ജനങ്ങളുടെ ആശങ്കകള്‍ക്ക് ഫലപ്രദമായ പരിഹാരം ഉറപ്പാക്കുന്നതിനൊപ്പം ഭരണസംവിധാനത്തെ ജനങ്ങളുമായി കൂടുതല്‍ അടുപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പരാതിപരിഹാരം ഭരണത്തിന്റെ ആണിക്കല്ലാണെന്നും അദാലത്തുകള്‍ ജനങ്ങളുടെ പ്രശ്നങ്ങളെ ആത്മാര്‍ത്ഥതയോടെ അഭിസംബോധന ചെയ്യുന്നുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
അപേക്ഷകള്‍ക്ക് സാധ്യമായ പരിഹാരം അതിവേഗം കണ്ടെത്തുന്നതിന് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും അനുകമ്പയോടെയും കാര്യക്ഷമതയോടെയും ഉത്തരവാദിത്തത്തോടെയും ജനങ്ങളുടെ പ്രശ്നപരിഹാരത്തിന് ഒരുമിച്ച് പരിശ്രമിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ മുഖ്യപ്രഭാഷണം നടത്തി. പലരൂപത്തില്‍ പിന്തള്ളപ്പെടുന്ന കുടുംബങ്ങളെ സമൂഹത്തിന്റെ മുന്‍നിരയിലെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാരും ഉദ്യോഗസ്ഥരുമുള്‍പ്പെടുന്ന ഭരണസംവിധാനവും ജനങ്ങളുടെ ആശങ്കകള്‍ക്ക് പരിഹാരവുമായി അദാലത്തിലൂടെ അടുത്തെത്തുകയാണെന്നും, ഈ അവസരങ്ങള്‍ ജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അറിയിച്ചു.
വി.ജോയി എം.എല്‍.എ അധ്യക്ഷനായിരുന്നു. സാധാരണക്കാരെ സംബന്ധിച്ച് ആശ്വാസകരമാകുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ജനങ്ങളുടെ അപേക്ഷകളില്‍ സമയബന്ധിതമായി പരിഹാരം കണ്ടെത്തുകയാണ് സര്‍ക്കാരെന്നും എം.എല്‍.എ പറഞ്ഞു.
ഒ.എസ് അംബിക എം.എല്‍.എ വിശിഷ്ടാതിഥി ആയിരുന്നു. വര്‍ക്കല മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.എം ലാജി, വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശന്‍, കിളിമാനൂര്‍ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ബി.പി മുരളി, ജില്ലാ പഞ്ചായത്തംഗങ്ങളായ ഗീതാനസീര്‍, ബേബി സുധ, ജില്ലാ കളക്ടര്‍ അനു കുമാരി, ഡെപ്യൂട്ടി കളക്ടര്‍ ചെറുപുഷ്പ ജ്യോതി എന്നിവരും ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു.